IMAGE: WIKI COMMONS
ശബരിമലയില്‍ കര്‍ശന നിയന്ത്രണവുമായി കോടതി; ബുക്കിങ് ഇല്ലാതെ ആരേയും പ്രവേശിപ്പിക്കരുത്
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഹൈക്കോടതി. ബുക്കിങ് ഇല്ലാതെ ആരേയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്നും കോടതി പറഞ്ഞു.
ശബരിമലയിലെ തിരക്കില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. ശബരിമലയില്‍ സാധാരണയായി ദിനംപ്രതി 75,000 ഭക്തര്‍ വരെയാണ് എത്താറുള്ളത്. എന്നാല്‍ അതിനു മുകളിലേക്ക് എത്തുമ്പോള്‍ തിരക്ക് നിയന്ത്രണാതീതമാവുകയാണ് പതിവ്. ഈ മാസം ഒന്നുമുതല്‍ ഇതുവരെ ശബരിമലയില്‍ പ്രതിദിനം 80,000 പേരാണ് വന്നുകൊണ്ടിരിക്കുന്നതെന്നും സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി കോടതിയില്‍ വിശദീകരിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, വി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ദേവസ്വം ബെഞ്ചിലാണ് വിശദീകരണം നല്‍കിയത്.
പാര്‍ക്കിംഗ് നിലയ്ക്കലിന് മുമ്പുള്ള സ്ഥലങ്ങളിലും ഒരുക്കിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇതിനായി ദേവസ്വം ബോര്‍ഡും എംവിഡിയും വാഹനഗതാഗതം സുഗമമാക്കണം. തിരക്ക് നിയന്ത്രിക്കാനായി ജില്ലാഭരണകൂടം സമീപത്തെ കോളേജുകളില്‍ നിന്ന് എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി പറഞ്ഞു. തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ എത്ര സ്‌പോട്ട് ബുക്കിംഗ് നടക്കുന്നുണ്ടെന്നും വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തി വരുന്നവര്‍ക്ക് മലകയറുന്നതില്‍ കാലതാമസം വരുന്നത് എങ്ങനെ പരിഹരിക്കാനാകുമെന്നും കോടതി ചോദിച്ചു. ദിവസം 10,000 ല്‍ അധികം സ്‌പോട്ട് ബുക്കിംഗ് നടക്കുന്നതായി എഡിജിപി കോടതിയെ അറിയിച്ചു. ശബരിമലയില്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് എഡിജിപി കോടതിയ്ക്കു മുമ്പാകെ വിശദീകരിച്ചത്.
വ്യാജപ്രചാരണം
ശബരിമലയില്‍ അസൗകര്യങ്ങള്‍ ഉണ്ടെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. പ്രായമായ സ്ത്രീകളും കുട്ടികളും പടികയറാന്‍ ഏറെ സമയമെടുക്കുന്നുണ്ട്. തിരക്ക് വര്‍ധിക്കാന്‍ ഇതൊരു കാരണമാണെന്നും അല്ലാതെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്നത് വാസ്തവവിരുദ്ധമാണെന്നും പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിക്കൂറില്‍ 4,000 പേര്‍ക്കാണ് പതിനെട്ടാംപടി കയറാന്‍ കഴിയുക. മണ്ഡലകാലത്ത് തിരക്ക് സ്വാഭാവികമാണ്. ഇതുസംബന്ധിച്ച് കുറ്റപ്പെടുത്തലിനോ വിവാദത്തിനോ തയ്യാറല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.