TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കോടതികള്‍ ഉത്തരവിട്ടു

14 Mar 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിരിച്ചുവിട്ട ആയിരക്കണക്കിന് പ്രൊബേഷണറി ജീവനക്കാരെ തിരിച്ചെടുക്കാന്‍ കാലിഫോര്‍ണിയയിലേയും മേരിലാന്‍ഡിലേയും ഫെഡറല്‍ ജഡ്ജിമാര്‍ ഉത്തരവിട്ടു. 19 ഏജന്‍സികളിലെ ജീവനക്കാരെയാണ് ട്രംപ് പിരിച്ചുവിട്ടിരുന്നത്.

ഫെഡറല്‍ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ കുറയ്ക്കാനുള്ള ട്രംപിന്റേയും ഉപദേശകന്‍ ഇലോണ്‍ മസ്‌കിന്റേയും പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ കോടതി വിധികള്‍. ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കോടതികള്‍ പറഞ്ഞു. ഈ നിയമവശം ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 20 സംസ്ഥാനങ്ങള്‍ കോടതികളെ സമീപിച്ചിരുന്നു.

കൃഷി മുതല്‍ ആഭ്യന്തര സുരക്ഷ വരെയുള്ള വകുപ്പുകളിലെ ജീവനക്കാരെയാണ് ട്രംപ് പിരിച്ചുവിട്ടിരുന്നത്. ജോലിയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഭരണകൂടം വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

മുഴുവന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിനേയും പ്രതിനിധീകരിച്ച് അധികാര വിനിയോഗം നടത്താന്‍ പ്രസിഡന്റിന് കഴിയുമെന്നും എന്നാല്‍ പ്രസിഡന്റിന്റെ അജണ്ടയെ അട്ടിമറിക്കാന്‍ മുഴുവന്‍ ജുഡീഷ്യറിയുടേയും അധികാരത്തെ ഒരു ജില്ലാ ജഡ്ജിക്ക് ദുരുപയോഗം ചെയ്യാനാകില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.

ട്രംപും സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിന്റെ തലവനായ മസ്‌കും ഫെഡറല്‍ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ യുഎസില്‍ 2.3 മില്ല്യണ്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രൊബേഷണറി ജീവനക്കാരെയാണ് പരിച്ചുവിട്ടത്. 24,000ത്തോളം പേരെ ഇതുവരെ പിരിച്ചുവിട്ടുവെന്ന് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.





#Daily
Leave a comment