കോവാക്‌സിന്റെ പാര്‍ശ്വഫലം: പഠനം തള്ളി ഐസിഎംആര്‍
ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കോവാക്‌സിന്‍ എടുത്ത മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍.
കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച ബനാറസ് സര്‍വകലാശാലയുടെ പഠനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള ഡ്രഗ് സേഫ്റ്റി ജേണലിന്റെ എഡിറ്റര്‍ക്കും ഐസിഎംആര്‍ കത്തയച്ചു. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ എടുത്തവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തതായും പഠനത്തില്‍ വ്യക്തമാക്കുന്നു. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനമെന്നായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന 291 പേരിലും കൗമാരക്കാരായ 635 പേരിലും ഉള്‍പ്പെടെ 926 പേരിലാണ് പഠനം നടത്തിയത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 926 പേരില്‍ 50 ശതമാനത്തോളം പേര്‍ക്ക് അണുബാധയുണ്ടായതായും പഠനം വ്യക്തമാക്കുന്നു. കോവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വാക്‌സിന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കോവാക്‌സിനെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടും പുറത്തുവന്നത്.