TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

കോവിഡ്-19 ഗുരുതര സാഹചര്യമില്ല; അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

06 May 2023   |   3 min Read
TMJ News Desk

കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. ലോകത്ത് നിലവിൽ ഗുരുതര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കണ്ടാണ് നടപടി. എന്നാൽ, രോഗം പൂർണമായി മാറിയെന്ന് അർത്ഥമാക്കുന്നില്ലെന്നും കോവിഡ് വൈറസ് ഇപ്പോഴും ബാധിക്കുന്നുണ്ടെന്നും മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു. പൊതുജനങ്ങൾ വാക്‌സിൻ സ്വീകരിച്ചതിലൂടെയും സ്വഭാവിക പ്രതിരോധം നേടിയതിലൂടെയും മരണങ്ങൾ കുറയുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കി.

നൂറ്റാണ്ടിലെ മഹാമാരി

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടക്കമിട്ട കോവിഡ് വൈറസിന്റെ വ്യാപനം അതിവേഗത്തിലായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ വൈറസ് ബാധ കേരളത്തിലെത്തുകയും ചെയ്തു. ചൈനയിൽ തുടങ്ങിയെങ്കിലും മഹാമാരി നാശം വിതച്ച രാജ്യങ്ങളിൽ മുന്നിൽ അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, ജർമനി തുടങ്ങിയവയായിരുന്നു. ഒന്നാം തരംഗത്തിന്റെ ഭീതി മാറുന്നതിന് മുമ്പെ രണ്ടും മൂന്നും നാലും തരംഗങ്ങൾക്ക് ലോകം സാക്ഷിയായി. ലോകത്താകെ 76.5 കോടി കോവിഡ് ബാധിതരിൽ 69.2 ലക്ഷം ആളുകൾ മരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരിച്ചതും അമേരിക്കയിലാണ്. 8.2 കോടി രോഗബാധിതരിൽ 9.82 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ചൈനയിൽ നിന്ന് തൃശൂരിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിയിലൂടെയാണ് കോവിഡ് ആദ്യമായി ഇന്ത്യയിലെത്തിയത്. പതിയെ രോഗബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങി. ചൈനയടക്കം മിക്ക രാജ്യങ്ങളും ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ 2020 മാർച്ച് 24ന് ഇന്ത്യയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപ്രതീക്ഷിത അടച്ചിടലിൽ ജനങ്ങൾ വലഞ്ഞു. മാസ്‌കും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവ് സംഭവിച്ചു. ആശുപത്രികൾ നിറഞ്ഞു. പ്രതിരോധപ്രവർത്തനത്തിന്റെ ഫലമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും കോവിഡ് കെയർ സെന്ററുകൾ ആരംഭിച്ചു. മരുന്നുകൾക്കും ഓക്‌സിജനും ക്ഷാമം വന്നതും ആളുകൾ അടുത്തിടപഴകാൻ ഭയപ്പെട്ടതും സ്വന്തം വീട്ടിൽ അകന്നു കഴിയാൻ നിർബന്ധിതരായതും കോവിഡ് കാലത്തിന്റെ മറക്കാത്ത ഓർമകളാണ്.

രാജ്യത്ത്, ആദ്യ കോവിഡ് തരംഗം 2020 ജൂണിലാണ് തുടങ്ങിയത്. ആയിരത്തിലധികം മരണങ്ങൾ ആദ്യതരംഗത്തിൽ റിപ്പോർട്ട് ചെയ്തു. വാക്‌സിൻ വിതരണം ആരംഭിച്ചതിനിടെ 2021 ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലത്താണ് രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ഉണ്ടായത്. ഓക്‌സിജൻ ലഭിക്കാതെയും മതിയായ ചികിത്സ കിട്ടാതെയും രോഗികൾ മരിച്ചുവീഴുന്നത് രാജ്യത്തെ ഞെട്ടിക്കുന്ന ഓർമകളിലൊന്നാണ്. രണ്ടാം തരംഗത്തിന്റെ ക്ഷീണത്തിൽ നിന്ന് രാജ്യം പഴയനിലയിലേക്ക് മാറിയപ്പോഴാണ് മൂന്നാം തരംഗം ഉണ്ടായത്. അപ്പോഴേക്കും ജനസംഖ്യയുടെ നല്ലൊരു ശതമാനം ജനങ്ങളും വാക്‌സിൻ സ്വീകരിച്ചിരുന്നു. നാലാം തരംഗം 2022 ജനുവരി ആദ്യമാസങ്ങളോടെ വീണ്ടും ആരംഭിച്ചെങ്കിലും മരണനിരക്ക് വളരെ കുറവായിരുന്നു.

കൊറോണ വൈറസിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പലവകഭേദങ്ങളുണ്ടായി. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിൽ സാർസ്-കോവ്-2 എന്ന വൈറസ് മൂലം വന്ന കോവിഡിന് ശേഷം വൈറസിന്റെ ഒട്ടേറെ വകഭേദങ്ങൾ ലോകത്താകമാനം പടർന്നു പിടിച്ചു. ഡെൽറ്റ, ഡെൽറ്റ പ്ലസ്, ആൽഫ, ബീറ്റ, ഒമിക്രോൺ, ഒമിക്രോൺ ബി.എ.1, ഒമിക്രോൺ ബി.എ 2, ഒമിക്രോൺ ബി.എ 3 എന്നിവയാണ് മനുഷ്യന് ഭീഷണിയുയർത്തിയ വകഭേദങ്ങൾ.

മഹാമാരിയായി തുടരുന്ന കോവിഡ്

കോവിഡ് വ്യാപനത്തിന്റെ അതീവ ഗുതുതര ഘട്ടങ്ങൾ കഴിഞ്ഞെങ്കിലും വൈറസ് ബാധ വ്യാപിക്കുന്നതിൽ മുൻകരുതലുകൾ എടുക്കേണ്ടതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊറോണ വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും വൈറസിന്റെ വകഭേദങ്ങൾ ഭാവിയിൽ ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് ഡോ. മൈക്കൽ റയാൻ പറഞ്ഞു. വൈറസ് വ്യാപനം പൂർണമായി ഒഴിവാക്കാൻ സാധിക്കാത്തതിനാൽ വാക്‌സിനേഷൻ സ്വീകരിക്കണമെന്നും തുടർന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ ആദ്യ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വാക്‌സിനേൻ സ്വീകരിച്ചതിനുശേഷം രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതായും അപകടസാധ്യത പരമാവധി ഒഴിവാക്കാൻ സാധിച്ചതായും വിദഗ്ധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനുമുമ്പ്, പന്നിപ്പനി, സിക്ക, എബോള, പോളിയോ എന്നീ രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴും ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് രോഗികളിൽ വർധനവ് നേരിട്ട് ഇന്ത്യ

ആഗോളതലത്തിൽ കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തി. 3,962 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 36,244 സജീവ രോഗികളാണുള്ളത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തു.

കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നല്കിയത്. കേരളത്തിൽ 2000വും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ 1000നു മുകളിലുമാണ് പ്രതിദിന കോവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ ജില്ലാ തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദേശമുണ്ട്. ജനിതക ശ്രേണീകരണം ഉൾപ്പെടെ നടത്തണമെന്നുമാണ് നിർദേശം.


#Daily
Leave a comment