PHOTO: PTI
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു; ആക്ടീവ് കേസുകള്‍ 2041
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെമാത്രം കോവിഡ് സ്ഥിരീകരിച്ചത് 292 പേര്‍ക്കാണ്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 2041 ആയി. രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 341 ആണ്. രാജ്യത്തെ ആകെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന കൂടുതല്‍ നടത്തുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ആശങ്കപ്പെടേണ്ടതില്ല
കോവിഡ് വ്യാപനത്തിന് കാരണമായ ഉപവിഭാഗം ജെഎന്‍ 1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.
കോവിഡ് ഉപവകഭേദം ജെഎന്‍ 1 കേരളത്തിലും കണ്ടെത്തിയിരുന്നു. ജീനോം നിരീക്ഷണത്തിലാണ് ജെഎന്‍ 1 കണ്ടെത്തിയത്. കോവിഡ് പിറോള (ബിഎ 2.86) ന്റെ പിന്‍ഗാമിയാണിത്. കേരളത്തില്‍ കോവിഡ് കേസുകളുടെ സമീപകാല വര്‍ധനവിന് ജെഎന്‍ 1 കാരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കോവിഡ് ടാസ്‌ക് ഫോഴ്സ് കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുകളില്‍ വര്‍ധനവുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
പനിബാധിതരും കൂടുന്നു
സംസ്ഥാനത്ത് പ്രതിദിനം പതിനായിരത്തിലേറെ പനി ബാധിതരാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. വൈറല്‍ പനിയും ഡെങ്കിപ്പനിയുമാണ് വ്യാപകമായിരിക്കുന്നത്. മൂന്നുദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേര്‍ പനിക്കായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയതായാണ് കണക്കുകള്‍ പറയുന്നത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് രോഗികള്‍ ഏറെയും. ഇടയ്ക്കിടെ പെയ്യുന്ന മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് പനി വ്യാപകമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഈ വര്‍ഷം ഇതുവരെ 268 പേര്‍ക്ക് ഡെങ്കിപ്പനിയും 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ആഗോളതലത്തിലും കോവിഡ് ഉയരുന്നു
ഇന്ത്യയ്ക്കു പുറമെ അമേരിക്ക, യുകെ, ഫ്രാന്‍സ്, മലേഷ്യ, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്താകെ പുതിയതായി 587 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മാത്രം ഓസ്ട്രേലിയയിലും 500 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രൂപാന്തരം സംഭവിച്ച് കൊറോണ വൈറസുകള്‍ ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗപ്രതിരോധ വിഭാഗം ഇടക്കാല ഡയറക്ടറായ മരിയ വാന്‍ കെര്‍ഖോവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'ലോകം കോവിഡില്‍ നിന്ന് ഏറെ മുന്നോട്ടുപോയി. ആളുകള്‍ സ്വയം സുരക്ഷിതരാകാന്‍ പഠിച്ചു. പക്ഷേ, ഈ വൈറസ് എവിടെയും പോയിട്ടില്ല. ഇപ്പോഴും പടരുകയും ജീവനെടുത്തുകൊണ്ടുമിരിക്കുകയാണെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.