
REPRESENTATIVE IMAGE: PTI
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; 52 ശതമാനം വര്‍ധനവ്
രാജ്യത്ത് ഒരു മാസത്തിനിടെ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധനവ് ഉണ്ടായതായി ഡബ്യൂഎച്ച്ഒ. പുതിയതായി 8,50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 3,000 ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആഗോളതലത്തില്‍ ഡിസംബര്‍ 17 വരെ 772 ദശലക്ഷത്തിലധികം കോവിഡ് കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗം ബാധിച്ച് 1,18,000 പേര്‍ ആശുപത്രികളിലും 1,600 ലധികം ആളുകള്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സതേടിയിട്ടുള്ളതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. 2023 ഡിസംബര്‍ 18 മുതല്‍ ജെഎന്‍ 1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നീടുള്ള ആഴ്ചകളില്‍ വ്യാപനശേഷി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ ഇജി 5 ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ്.
രാജ്യവും കോവിഡിന്റെ പിടിയില്‍
രാജ്യത്തും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 752 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,420 ആയി. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലാണ്. വെള്ളിയാഴ്ച 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,782 ആയി. കര്‍ണാടക 175, തമിഴ്‌നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
വേണ്ടത് കരുതല്‍
വൈറസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം സംരക്ഷണം ഒരുക്കുകയാണ് പ്രധാനം. പ്രാഥമിക മുന്‍കരുതലുകളായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയവയാണ് മുഖ്യം. അടച്ചിട്ട മുറികളില്‍ ഇരിക്കുമ്പോള്‍ ജനാലകള്‍ തുറന്നിടുക, എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുക, എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയിലൂടെ വൈറസിന്റെ വ്യാപനത്തെ ഒരുപരിധിവരെ തടയാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.