
കോവിഡ്: മറ്റ് രോഗങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളം കൃത്യമായി കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടാണ് കണക്ക് വര്‍ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കൂടുതലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം 15 മടങ്ങ് വര്‍ധിച്ച് 3,961ആയി. നിലവില്‍ രാജ്യത്തെ ആകെ കേസുകളില്‍ 36 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ 26 സംസ്ഥാനങ്ങളില്‍ രോഗബാധയുണ്ട്.
രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സ്ഥിതി നിയന്ത്രണവിധേയാണെന്നും രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെല്‍ പറഞ്ഞിരുന്നു.


