Representational image: Pixabay
കോവിഡ് വീണ്ടും ഉയരുന്നു: പതിനായിരം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം
കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 10,000 ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം. നിലവില്‍ നാലായിരം ഡോസ് വാക്‌സിന്‍ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞതിനാലാണ് ഇത് പാഴായിപ്പോകാനുള്ള കാരണം.
നിലവില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ വാക്‌സിന്‍ എടുക്കുന്നുള്ളൂ. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ 170 പേര്‍ കുത്തിവയ്‌പ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്‌സിന്‍ സ്വീകരിച്ചത് 1081 പേര്‍ മാത്രമാണ്.
4000 ഡോസ് കോവാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്‌സിന്‍ നിലവില്‍ സ്‌റ്റോക്കില്ല. ഇതുവരെ രണ്ടു കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്‌സിനും രണ്ടു കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.
ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ചിലര്‍ വാക്‌സിനെടുക്കാന്‍ എത്തുന്നുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടാനും കഴിയില്ല. കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ വാക്‌സിന്‍ ആവശ്യം വര്‍ദ്ധിക്കുമെന്നതിനാലാണ് പതിനായിരം ഡോസ് വാക്‌സിന്‍ ആവശ്യപ്പെടുന്നത്.
ചൈനയിലെ വുഹാനില്‍ 2019 നവംബര്‍ 17 നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതിനോടകം 5,30,818 പേരും കേരളത്തില്‍ 71,597 പേരും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.