
ആംബുലന്‍സിൽ കോവിഡ് ബാധിതയ്ക്ക് പീഡനം; പ്രതിക്ക് ജീവപര്യന്തം തടവ്
കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കായംകുളം സ്വദേശി നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2020 സെപ്തംബര്‍ അഞ്ചാം തിയതി കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് യുവതിയെ നൗഫല്‍ പീഡിപ്പിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ വാഹനത്തെ വഴിമാറ്റി കൊണ്ടുപോയി പീഡിപ്പിച്ചശേഷം തിരികെ സെന്ററില്‍ എത്തിച്ചു. തുടര്‍ന്ന് അയാള്‍ യുവതിയോട് മാപ്പ് പറഞ്ഞു. മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയത് കേസില്‍ നിര്‍ണായക തെളിവായി മാറി.
യുവതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് വിവരം പറയുകയും അവര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് പിറ്റേന്ന് തന്നെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തോളമായി വിചാരണത്തടവിലാണ് ഇയാള്‍.
ലൈംഗിക പീഡനം, തടങ്കലില്‍ വയ്ക്കല്‍, ആയുധം ഉപയോഗിക്കാതെയുള്ള ഉപദ്രവം, പട്ടികജാതി പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തുവെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.


