REPRESENTATIONAL IMAGE: WIKI COMMONS
കോവിന്‍ ഡാറ്റാ ചോര്‍ച്ച: ബിഹാര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബിഹാര്‍ സ്വദേശിയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും അറസ്റ്റില്‍. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാം ബോട്ടില്‍ വിവരങ്ങള്‍ പങ്കുവച്ചത് ബിഹാര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ അമ്മ ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയാണ്.
കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ടെലഗ്രാമിലൂടെ സ്വകാര്യ വിവരങ്ങളെല്ലാം ലഭ്യമായിരുന്നു. മൊബൈല്‍ നമ്പറോ ആധാര്‍ കാര്‍ഡ് നമ്പറോ നല്‍കിയാല്‍ വ്യക്തിയുടെ പേര്, വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വാക്‌സിനേഷന്‍ കേന്ദ്രം, ഏതു വാക്‌സിനാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുമായിരുന്നു.
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലഗ്രാം വഴി ലഭ്യമായിരുന്നു. ഡാറ്റാ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ടെലഗ്രാം ബോട്ട് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, കോവിന്‍ ഡാറ്റ ചോര്‍ന്ന വിവരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഐടി മന്ത്രാലയവും ആദ്യം നിഷേധിച്ചിരുന്നു. വാക്‌സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.
ചോര്‍ച്ചയുടെ വഴികള്‍ തേടി
കോവിന്‍ പോര്‍ട്ടല്‍ വഴി സൈന്‍ അപ് ചെയ്തതിനുശേഷം വാക്സിന്‍ സ്വീകരിച്ച നിരവധി പേരെ ഡാറ്റാ ചോര്‍ച്ച ബാധിച്ചേക്കും. കോവിഡ് 19 മഹാമാരി കാലത്ത് ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഇത്തരം ഡാറ്റാ ബേസില്‍ ശേഖരിച്ചിരുന്നു. 11 സംസ്ഥാനങ്ങളില്‍ കേരളവും കര്‍ണാടകവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല.
സംസ്ഥാനങ്ങളുടെ ഡാറ്റാ ബേസുകളില്‍ നിന്ന് സംഭവിക്കാനിടയുള്ള ചോര്‍ച്ചയെ കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. മഹാമാരിയുടെ കാലത്ത് ചില സംസ്ഥാനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളും അവിടുത്തെ വാക്സിനേഷന്‍ നിലയും തിരിച്ച് പ്രത്യേക ഡാറ്റകള്‍ തയ്യാറാക്കിയിരുന്നു. ഇത്തരം ഡാറ്റകളിലൂടെയാണോ ചോര്‍ച്ച ഉണ്ടായതെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കോവിന്‍ ഡാറ്റാ ചോര്‍ന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിഇആര്‍ടി-ഐഎന്‍ ടെലഗ്രാമിനെ സമീപിച്ചിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കണ്ടെത്തിയ 'hak4learn' എന്ന ടെലഗ്രാം ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക നെറ്റ് വർക്ക് ഉപയോഗിക്കുന്നതിനാല്‍ ചോര്‍ച്ച സംബന്ധിച്ച് കൃതൃമായ വിവരങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ടെലഗ്രാം അന്വേഷണ ഏജന്‍സിയെ അറിയിച്ചിരുന്നു. റഷ്യയില്‍ സ്ഥാപിതമായ ടെലഗ്രാം, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ് ആസ്ഥാനമാക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.