
ഗവര്‍ണറെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് സിപിഐ കത്ത് നല്‍കി
ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആവശ്യപ്പെട്ടത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ സിപിഐ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് കത്ത് നല്‍കി. പാര്‍ട്ടി രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാറാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.
ഗവര്‍ണര്‍ ഭരണഘടന വ്യവസ്ഥകള്‍ ലംഘിച്ചെന്നും ഫെഡറല്‍ മൂല്യങ്ങള്‍ ഇല്ലാതാക്കിയെന്നും സിപിഐ കത്തില്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെയും കത്തില്‍ പാര്‍ട്ടി അപലപിക്കുന്നു.
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കൃഷിവകുപ്പമായി ചേര്‍ന്ന് സംഘടിപ്പിക്കാന്‍ ആസൂത്രണം ചെയ്ത പരിപാടിയിലാണ് ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയത്. ഫോട്ടോ മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടുവെങ്കിലും ഗവര്‍ണര്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കൃഷി വകുപ്പ് രാജ്ഭവനിലെ പരിപാടിയില്‍നിന്നും പിന്‍മാറുകയും ദര്‍ബാര്‍ ഹാളില്‍ വകുപ്പ് സ്വന്തമായി പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
രാജ്ഭവനില്‍ നടക്കുന്ന എല്ലാ പരിപാടികളിലും കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്താനാണ് തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.


