TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്ഭവനിലെ ആര്‍എസ്എസ് ഭാരതാംബയുടെ ചിത്രം; ഗവര്‍ണറെ വിമര്‍ശിച്ച് സിപിഐഎം

07 Jun 2025   |   1 min Read
TMJ News Desk

ബിജെപി വിരുദ്ധ സര്‍ക്കാരുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവല്‍ക്കരണത്തിനുള്ള ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജ്ഭവനിലെ ആര്‍എസ്എസ് ഭാരതാംബ ചിത്ര വിവാദ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍, നിയമസഭയും സെക്രട്ടറിയേറ്റും പോലെ ഒരു പൊതു ഇടമാണെന്നും അത്തരമൊരു പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളം പോലെ ഉപയോഗിക്കാന്‍ പാടില്ലെന്നും അത് അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആര്‍എസ്എസ് ഭാരതാംബ ചിത്ര വിഷയത്തില്‍ സിപിഐഎമ്മിനും ഉറച്ചനിലപാടാണുള്ളതെന്നും അത് ഗവര്‍ണറുടെയും രാജ്ഭവന്റേയും സമീപനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവനില്‍ നടത്താന്‍ പദ്ധതിയിട്ട സംസ്ഥാന കൃഷി വകുപ്പിന്റെ പരിപാടിയില്‍ ആര്‍എസ്എസ് ഭാരതാംബയുടെ ചിത്രം വച്ച് വിളക്ക് കൊളുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മന്ത്രി പി പ്രസാദ് പരിപാടി ബഷ്‌കരിക്കുകയും വകുപ്പ് പരിപാടി റദ്ദാക്കുകയും ചെയ്തു. ഒടുവില്‍ രാജ്ഭവന്‍ സ്വന്തംനിലയ്ക്ക് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.


#Daily
Leave a comment