
വഖഫ് ബില്ലിനെതിരെ സിപിഐഎം എംപിമാര്‍ വോട്ട് ചെയ്യും: എം വി ഗോവിന്ദന്‍
എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ സിപിഐഎം എംഎല്‍എമാര്‍ വോട്ട് ചെയ്യും. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കത്തോലിക്ക സഭ ആവശ്യപ്പെടുകയും പ്രതിഷേധം നടത്തുകയും ചെയ്യുന്നുണ്ട്.
മധുരയില്‍ ഇന്ന് ആരംഭിച്ച സിപഐഎം കോണ്‍ഗ്രസില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ബില്ലിനെതിരെ സിപിഐഎം വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്.
സഭയുടെ നിലപാട് പാര്‍ട്ടിയുടെ നിലപാടിനെ സ്വാധീനിക്കില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ഞങ്ങള്‍ വഖഫ് ബില്ലിനെതിരെ നിലപാട് സ്വീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതിന് അനുസരിച്ച് സിപിഐഎമ്മിന്റെ നിലപാട് മാറുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്ല് വഖഫിന് അനുകൂലമല്ലെന്നും അത് വഖഫിനെ ശക്തമായി എതിര്‍ക്കുന്നതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വിവിധ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി ഇന്ന് കേരളത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.