
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കം
സിപിഐഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ മധുരയില്‍ ആരംഭിച്ചു. ബുദ്ധദേവ് ഭട്ടാചാര്യ കവാടത്തില്‍ ബിമന്‍ ബസു രാവിലെ 10.30 ഓടെ പതാക ഉയര്‍ത്തി. രാവിലെ എട്ട് മണിക്ക് സമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറില്‍ ദീപശിഖ ജ്വലിപ്പിച്ചു.
സമ്മേളന വേദിയില്‍ ഉയര്‍ത്തിയ പതാക കീഴ്‌വെണ്‍മണി രക്തസാക്ഷികളുടെ സ്മൃതി കുടീരത്തില്‍നിന്നും കേന്ദ്രകമ്മിറ്റിയംഗമായ യു വാസുകിയുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ഈ പതാക രാവിലെ എട്ട് മണിക്ക് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ കെ പത്മനാഭവന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബിമന്‍ ബസു പതാക ഉയര്‍ത്തുകയായിരുന്നു.
പ്രതിനിധി സമ്മേളനം 10.30ന് യെച്ചൂരി നഗറിലെ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മണിക് സര്‍ക്കാര്‍ അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ വിവിധ ഇടതുപാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 80 നിരീക്ഷകര്‍ അടക്കം 800ല്‍ അധികം പ്രതിനിധികളാണുള്ളത്.
23-ാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നടന്ന സംഘനാ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുകയും ഇന്ത്യയിലെ ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനും പാര്‍ട്ടിയുടെ സംഘടനാശേഷി വര്‍ദ്ധിപ്പിക്കാനും ആവശ്യമായ തീരുമാനങ്ങള്‍ മധുര കോണ്‍ഗ്രസില്‍ സ്വീകരിക്കും.