
ഓപ്പറേഷന്‍ സിന്ദൂറിനെ രാഷ്ട്രീയ പദ്ധതി ആക്കരുതെന്ന് സിപിഐഎം
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയെ രാഷ്ട്രീയ പദ്ധതിയാക്കരുതെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും സൈനിക നടപടിയെ പക്ഷപാതപരമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ബേബി പറഞ്ഞു. ബീഹാറിലും ബംഗാളിലും മോഡി നടത്തിയ പ്രസംഗങ്ങളില്‍ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ മറുപടി പറയേണ്ട ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടെന്നും ബേബി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം കശ്മീരില്‍ ഭീകരത അവസാനിച്ചുവെന്നാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറുമെല്ലാം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കണമെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് സമ്മേളനം വിളിക്കാത്ത കേന്ദ്രത്തിന്റെ നടപടിയെ അദ്ദേഹം അപലപിച്ചു.
ഭീകരാക്രമണത്തെ ഉപയോഗിച്ച് രാജ്യത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ സിപിഐഎം ഈ മാസം ഒരാഴ്ച്ച നീളുന്ന പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


