
സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു
സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചു. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ സമ്മേളന പതാക ഉയര്‍ത്തി. പിബി അംഗവും പാര്‍ട്ടി കോഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചെറുത്തുനില്‍പ്പിന്റേയും പ്രതീക്ഷയുടേയും പ്രതീകമാണ് ചെങ്കൊടിയെന്ന് പതാക ഉയര്‍ത്തിക്കൊണ്ട് എ കെ ബാലന്‍ പറഞ്ഞു. ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം ഒരു തിരിച്ചറിവോടുകൂടി ശക്തിപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്ന ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാകുന്നത്,' അദ്ദേഹം പറഞ്ഞു.
വര്‍ഗ സമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരെ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും ബാലന്‍ പറഞ്ഞു.
സിപിഐഎം കേരള ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതുഭരണമായ പിണറായി സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം 9ാം തിയതി അവസാനിക്കും.