PHOTO: FACEBOOK
എംടിയുടെ പരാമര്‍ശം മുഖവിലയ്‌ക്കെടുക്കാതെ സിപിഎം; ആരോപണ പ്രത്യാരോപണവുമായി ഭരണപ്രതിപക്ഷം
എംടി വാസുദേവന്‍ നായര്‍ പറഞ്ഞതില്‍ പുതുമയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിവാദത്തില്‍ കക്ഷിചേരേണ്ട കാര്യമില്ലെന്നും ഇതേകാര്യം മുന്‍പും എംടി എഴുതിയിട്ടുണ്ടെന്നും സിപിഎം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ വലിയ പ്രകമ്പനമാണ് എംടിയുടെ വാക്കുകള്‍ ഉണ്ടാക്കിയത്. എന്നാല്‍ 2003 ല്‍ ഇഎംഎസിനെ അനുസ്മരിച്ച് എംടി എഴുതിയ ലേഖനത്തില്‍ ഇതേകാര്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും സിപിഎം വിലയിരുത്തി.
20 വര്‍ഷം മുമ്പ് എംടി 'ചരിത്രപരമായ ഒരാവശ്യം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനവും കഴിഞ്ഞദിവസം നടത്തിയ പ്രസംഗവും തമ്മില്‍ ഉള്ളടക്കത്തില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ പ്രസംഗം വിവാദത്തിലായത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചുമൂടി ഭരണാധികാരി നല്‍കുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എംടി പറഞ്ഞിരുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചതായും എംടി പറഞ്ഞു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാത്തത് അതുകൊണ്ടാണെന്നും എംടി കൂട്ടിച്ചേര്‍ത്തിരുന്നു. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാര്‍ക്‌സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും എംടി തുറന്നടിച്ചു.
മുഖ്യമന്ത്രിക്കെതിരെയല്ലെന്ന് ഭരണപക്ഷം
എംടി വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയെ കുറിച്ചാണെന്നതും കേന്ദ്രസര്‍ക്കാരിനെ കുറിച്ചാണെന്നതും വ്യാഖ്യാനം മാത്രമാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആരെ കുറിച്ചാണെന്നത് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ഷംസീര്‍ പറഞ്ഞു. എംടി പറഞ്ഞത് കേന്ദ്രസര്‍ക്കാരിനെതിരായിട്ടായിരിക്കാം എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
കാലത്തിന്റെ ചുവരെഴുത്ത്
കാലത്തിന്റെ ചുവരെഴുത്തും കാലം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ് എംടി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംടി രാജ്യത്തിന്റെ തന്നെ ഔന്നത്യമാണ്. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളും അക്ഷരത്തിന്റെ ശക്തിയും എല്ലാ മലയാളികള്‍ക്കും തിരിച്ചറിവുള്ളതാണെന്നും സതീശന്‍ പറഞ്ഞു. നിഷ്പക്ഷത നടിച്ച് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചില മാധ്യമ പ്രവര്‍ത്തകരും നിഷ്പക്ഷരെന്ന് കരുതി സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിന് സ്തുതിഗീതം പാടുന്നവരും എംടിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വികാരം
ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയെ വേദിയിലിരുത്തി, ഭരണാധികാരികള്‍ ജനസേവനമാണ് ചെയ്യേണ്ടതെന്ന എംടിയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തിപൂജ എതിര്‍ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നു പറയുമ്പോഴും കേരളത്തിലെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെന്നും കമ്മ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.