PHOTO: INC. IN
INDIA ഏകോപനസമിതിയിലേക്കില്ലെന്ന് സിപിഎം
പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ INDIA യുടെ ഉന്നതതല ഏകോപന സമിതിയിലേക്ക് അംഗങ്ങളെ അയക്കേണ്ടതില്ലെന്ന തീരുമാനവുമായി സിപിഎം. INDIA പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയാണെന്നും അതുകൊണ്ടുതന്നെ INDIA ക്ക് മുന്നണിരൂപമില്ലെന്നും പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മ വിപുലപ്പെടുത്തുന്നതിനു വേണ്ട സമരങ്ങളിലുള്‍പ്പെടെ പങ്കെടുക്കും എന്നും സിപിഎം അറിയിച്ചു. മുംബൈയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് ഉന്നതതല ഏകോപന സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചത്. സമിതിയില്‍ സിപിഎമ്മിനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. ഏകോപന സമിതിയുടെ ആദ്യ യോഗത്തില്‍ സിപിഎം പങ്കെടുത്തിരുന്നില്ല.
കെണിയില്‍ ചാടരുതെന്ന് രാഹുല്‍
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തനങ്ങളെ എത്രയും പെട്ടന്ന് ഏകോപിപ്പിക്കാനാണ് INDIA മുന്നണിയുടെ തീരുമാനം. ബിജെപി ഒരുക്കുന്ന കെണികളില്‍ ചെന്നുചാടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, സാധാരണ ജനങ്ങളെ ബാധിക്കാത്ത പ്രശ്‌നങ്ങളില്‍ ചാടി അപകടങ്ങളില്‍ വീഴരുതെന്ന് രാഹുല്‍ പറഞ്ഞു. നിലവില്‍ സനാതന ധര്‍മ്മം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബിജെപിയും ആര്‍എസ്എസ്സും പ്രതിപക്ഷ മുന്നണിക്കെതിരെയുള്ള ആയുധമായാണ് ഉപയോഗിക്കുന്നത്. മുന്നണി അതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഏകോപിപ്പിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. സഖ്യം 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അര്‍ണാബ് ഗോസ്വാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെടെയുള്ള ബഹിഷ്‌ക്കരിച്ച 14 പേരുടെ പട്ടിക INDIA പുറത്തുവിടുകയും ചെയ്തിരുന്നു.