TMJ
searchnav-menu
post-thumbnail

TMJ Daily

സമരവഴി മറക്കാതിരിക്കാന്‍ 35 ദൗത്യങ്ങളുമായി സിപിഐഎം

09 Mar 2025   |   1 min Read
TMJ News Desk

സിപിഐഎം രണ്ട് തവണയായി ഭരണത്തില്‍ ഇരിക്കുകയും മൂന്നാം തവണയും അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കുന്ന അവസരത്തില്‍ പാര്‍ട്ടിയുടെ സമരവഴി മറന്നുപോകാതിരിക്കാന്‍ 35 ദൗത്യങ്ങള്‍ സിപിഐഎം ഏറ്റെടുക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സമരങ്ങള്‍ ഏറ്റെടുക്കുന്നത് തടയുകയാണ് ലക്ഷ്യം. ബിജെപി സിപിഐഎമ്മിന്റേയും വോട്ടുകള്‍ പിടിച്ചുവെന്ന് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായ അവസരത്തിലാണ് ദൗത്യങ്ങളുമായി സിപിഐഎം മുന്നിട്ടിറങ്ങുന്നത്.

പാര്‍ട്ടിയെന്നാല്‍ ബ്രാഞ്ചു മാത്രമല്ലെന്നും അനുഭാവികള്‍ കൂടിയാണെന്നും അതിനാല്‍ അനുഭാവി ഗ്രൂപ്പുകളുടെ യോഗം വിളിച്ച് പ്രചാരണ, സമരരീതി ആസൂത്രണം ചെയ്യുണമെന്നും സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ നിര്‍ദ്ദേശമുണ്ടായി.

സിപിഐഎം ഏറ്റെടുക്കുന്ന ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. അകന്നുപോയവരേയും ജനവിഭാഗങ്ങളേയും കൂടെ നിര്‍ത്തണം.

ജാതി സംഘടനകളില്‍ ചില ശക്തികള്‍ നുഴഞ്ഞുകയറി അവയെ വര്‍ഗീയമായി യോജിപ്പിച്ച് മതരാഷ്ട്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംഘപരിവാറിനെ ചൂണ്ടിക്കാണിച്ചു പറയുന്നു. ഇത് പ്രതിരോധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ആരാധനാലയങ്ങളെ വര്‍ഗീയ ശക്തികളില്‍ നിന്നും മോചിപ്പിക്കണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ച് സംഘപരിവാറിനെ പ്രതിരോധിക്കണം.

ഫണ്ട് പിരിവില്‍ വ്യക്തത വേണം. പൊതുജനങ്ങളില്‍ നിന്നാണ് പിരിക്കേണ്ടതെന്നും വ്യക്തികളില്‍നിന്നും ലക്ഷങ്ങള്‍ പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാര്‍ട്ടിയംഗങ്ങള്‍ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആര്‍ഭാടരഹിതമാക്കണം.

ബ്രാഞ്ചുകളെ ശക്തിപ്പെടുത്തുകയും ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ചുകളില്‍ പങ്കെടുക്കുകയും വേണം.

നഗരങ്ങളില്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ സവിശേഷമായി ഏറ്റെടുക്കണം. ആദിവാസി മേഖലകളില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം.

മതരാഷ്ട്രവാദങ്ങളെ ശക്തമായി തുറന്നു കാണിക്കുകയും മതേതരരാജ്യമാണ് വിശ്വാസികള്‍ക്ക് ആവശ്യമെന്ന കാഴ്ച്ചപ്പാട് പ്രചരിപ്പിക്കുകയും വേണം.

ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ ആവശ്യമായ ഭാഗമാണെന്നും മതപ്രീണനമല്ലെന്നുമുള്ള കാഴ്ച്ചപ്പാട് ജനങ്ങളില്‍ എത്തിക്കണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. മാധ്യമങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരാകുന്നതിനാല്‍ അവയെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പാര്‍ട്ടിയുടെ എല്ലാ തലത്തിലും ക്ലാസുകള്‍ സംഘടിപ്പിക്കണം. ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ വികസിപ്പിക്കുകയും നേതൃനിരയെ വളര്‍ത്തിക്കൊണ്ടുവരികയും വേണം.

എല്ലാ കോളേജുകളിലും എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും തെറ്റായ പ്രവണതകള്‍ തിരുത്താന്‍ ഇടപെടണമെന്നും ഓരോ കോളെജിലും ജില്ലാ കമ്മിറ്റി അംഗത്തിന് ചുമതല നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.


#Daily
Leave a comment