
ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ച; സെൻസക്സ് തകർന്നത് 1000 പോയിന്റിലധികം, നിഫ്റ്റി 384 പോയിന്റ് തകർന്നു
ഇന്ത്യൻ ഓഹരിവിപണിയിൽ വലിയ തകർച്ച. വിപണിയിലെ ഓഹരിവിൽപനകൾ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വിപണി അടക്കുമ്പോൾ സെൻസെക്സ് തകർന്നത് 1000 പോയിന്റിലധികം. നിഫ്റ്റി ഫിഫ്റ്റിയിലും 384 പോയന്റിന്റെ തകർച്ചയുണ്ടായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷന്റെ അവസാനത്തോടെ 430 ലക്ഷം കോടി രൂപയായിരുന്നു. ഇന്നത്തെ സെഷന് ശേഷം അത് ഏകദേശം 417 ലക്ഷം കോടി രൂപ എന്ന നിലയിലേക്കെത്തി. അതായത് 13 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിൽ നിക്ഷേപകർ ഒരൊറ്റ ദിവസം നേരിട്ടത്.
76629.90 എന്ന പോയിന്റിലാണ് രാവിലെ സെൻസെക്സ് തുറന്നത്. നിഫ്റ്റി ഫിഫ്റ്റി ആവട്ടെ 23195.40 എന്ന പോയിന്റിലും. വൈകീട്ട് 3: 30ന് വിപണി ക്ലോസ് ചെയ്യുമ്പോൾ സെൻസക്സ് 76330.01ലും നിഫ്റ്റി ഫിഫ്റ്റി 23085.95 എന്ന പോയിന്റിലാണ്. സെൻസെക്സിൽ 1.36 ശതമാനവും, നിഫ്റ്റി ഫിഫ്റ്റിയിൽ 1.47 ശതമാനവും തകർച്ച രേഖപ്പെടുത്തി. ഓഹരിവിപണിയിൽ സ്മോൾക്യാപ്പ് കൂടാതെ മിഡ്ക്യാപ് മേഖലകളിലാണ് കൂടുതലും വില്പനകൾ തുടരുന്നത്. കഴിഞ്ഞ കുറച്ച്നാളുകളായി കാണപ്പെടുന്ന ട്രെൻഡും ഇങ്ങനെതന്നെയാണ്. ബിഎസ്ഇ മിഡ്ക്യാപ് കൂടാതെ സ്മോൾക്യാപ്പ് സൂചികകളിൽ 4 ശതമാനം കുറവാണ് രക്ഷപ്പെടുത്തിയത്.
വിദേശ കറൻസികൾ, പ്രത്യേകിച്ച് ഡോളർ ശക്തിപ്പെടുന്നതും, രൂപ ദുർബലപ്പെടുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. അത് കൂടാതെ ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുന്നതും, വിദേശനിക്ഷേപകർ ഓഹരി വില്പന തുടരുന്നതും വിപണിയെ ബാധിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലപ്പെടുന്നതും, അതിന്റെ വളർച്ചയുടെ വേഗത കുറയുന്നതും വിപണിയെ സ്വാധീനിക്കുന്നു.


