ക്രെഡിറ്റ് സ്യൂസേ ഇല്ലാതാവുന്നു
ലോകത്തിലെ ഏറ്റവും വലിയ ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യുബിഎസ് ഗ്രൂപ്പ് (UBS Group) പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്യൂസേയെ ഏറ്റെടുക്കുന്നു. അതോടെ 166 വര്‍ഷത്തെ ചരിത്രമുള്ള ക്രെഡിറ്റ് സ്യൂസേ ഇല്ലാതാവും. ദിവസങ്ങള്‍ നീണ്ടുനിന്ന വിലപേശലുകള്‍ക്കും, ചര്‍ച്ചകള്‍ക്കും ശേഷമാണ് 3.25 ബില്യണ്‍ ഡോളറിന് ബാങ്കിനെ ഏറ്റെടുക്കുവാന്‍ യുബിഎസ് തയ്യാറായത്. ഈ തുക മൊത്തം ഓഹരി ആയിട്ടാവും കൈമാറുക. അമേരിക്കയില്‍ അടുത്ത കാലത്ത് തകര്‍ച്ചയിലായ First Global Bank ന്റെ വിപണി മൂല്യത്തെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ക്രെഡിറ്റ് സ്യൂസേയുടെ വില്‍പ്പന. സ്വിറ്റ്‌സര്‍ലണ്ടിലെ ഏറ്റവും വലിയ ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങില്‍ ഒന്നും, രണ്ടും സ്ഥാനക്കാരായിരുന്നു യുബിഎസ്സും, ക്രെഡിറ്റ് സ്യൂസേയും.
സ്വിറ്റ്‌സര്‍ലണ്ട് സര്‍ക്കാരിന്റെ മധ്യസ്ഥതയിലായിരിന്നു കച്ചവടം. ധാരണ പ്രകാരം 3 ബില്യണ്‍ സ്വിസ്സ് ഫ്രാങ്ക് ഓഹരിയായി യുബിഎസ്സ് നല്‍കും. സ്വിസ്സ് നാഷണല്‍ ബാങ്ക് 100 ബില്യണ്‍ സ്വിസ് ഫ്രാങ്കിന്റെ പണലഭ്യത (ലിക്വിഡിററി) ഉറപ്പു വരുത്തക, ക്രെഡിറ്റ് സ്യൂസേയുടെ ചില നഷ്ടങ്ങള്‍ ഏറ്റെടുക്കന്നതിന് 9 ബില്യണ്‍ സ്വിസ് ഫ്രാങ്കിന് സര്‍ക്കാര്‍ ഈടു നല്‍കുക എന്നിവയാണ് ധാരണയിലെ മറ്റുള്ള പ്രധാന തീരുമാനങ്ങള്‍. സ്വിറ്റ്‌സര്‍ലണ്ടിലെ ബാങ്കിംഗ-ധനകാര്യ മേഖലയുടെ നിയന്ത്രണാധികാരമുള്ള FINMA യുടെ വിലയിരുത്തല്‍ പ്രകാരം ക്രെഡിറ്റ് സ്യൂസേയുടെ 16 ബില്യണ്‍ ഫ്രാങ്കിന്റെ കടപ്പത്രങ്ങള്‍ക്ക് വിലയില്ലാതാവവും.
"ക്രെഡിറ്റ് സ്യൂസേക്ക് സ്വന്തം നിലയില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഏറ്റവും നല്ല പരിഹാരം അതാവുമായിരുന്നു" സ്വിസ്സ് ധനമന്ത്രി കരിന്‍ കെല്ലര്‍-സുട്ടര്‍ (Karin Keller-Suttter) പറഞ്ഞു. ലോകത്തിലെ ബാങ്കിംഗ്-ധനകാര്യ മേഖലയുടെ നിലനില്‍പ്പിന് സുപ്രധാനമായ 30 സ്ഥാപനങ്ങളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന ക്രെഡിറ്റ് സ്യൂസേയുടെ തകര്‍ച്ച ആഗോള ധനവിപണികളില്‍ കഴിഞ്ഞ രണ്ടു-മൂന്നു മാസങ്ങളായി നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ്.