
ക്രൂ 10 ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത വില്ല്യംസ് ഈയാഴ്ച്ച മടങ്ങും
ഒമ്പതുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്ല്യംസിനും ബുച്ച് വില്‍മോറിനും ഭൂമിയിലേക്ക് മടങ്ങാനുള്ള സ്‌പേസ് എക്‌സിന്റെ ക്യാപ്‌സൂള്‍ നിലയത്തില്‍ ഡോക്ക് ചെയ്തു. ക്യാപ്‌സൂളില്‍ ഉണ്ടായിരുന്ന നാല് പുതിയ യാത്രികര്‍ നിലയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഈ ആഴ്ചയവസാനത്തോടെ സുനിതയും വില്‍മോറും ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇവരുടെ ഒമ്പതു മാസത്തെ ബഹിരാകാശ വാസം അവസാനിക്കും. എട്ട് ദിവസത്തേക്കാണ് ഇവര്‍ നിലയത്തില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് തിരിച്ചുവരാന്‍ കഴിയാതെ പോയത്.
ഇരുവരേയും മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ്എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ വെള്ളിയാഴ്ച്ചയാണ് നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ചത്. ഈ പേടകം 29 മണിക്കൂറുകള്‍ക്കുശേഷമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്.
ക്രൂ 10ലെ യാത്രികര്‍ ആറ് മാസത്തേക്ക് നിലയത്തില്‍ തങ്ങുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. റഷ്യയില്‍ നിന്നും ജപ്പാനില്‍ നിന്നും ഓരോ യാത്രികരും യുഎസില്‍ നിന്നും രണ്ടുപേരുമാണ് പുതുതായി നിലയത്തില്‍ എത്തിയത്. ഇവരെ നിലവില്‍ നിലയത്തില്‍ വസിക്കുന്ന ഏഴ് പേര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നാസയുടെ ആന്‍ മക് ക്ലെയ്‌നിനേയും നിക്കോള്‍ അയേഴ്‌സിനേയും കൂടാതെ ജപ്പാന്റെ തകുയ ഒനിഷിയും റഷ്യയുടെ കിറില്‍ പെസ്‌കോവും ആണ് നിലയത്തില്‍ എത്തിയത്.
ക്യാപ്‌സൂളിന്റെ തിരിച്ചുള്ള യാത്രയില്‍ സുനിതയ്ക്കും വില്‍മോറിനുമൊപ്പം നാസയുടെ അസ്‌ട്രോനട്ടായ നിക്ക് ഹേഗും റഷ്യയുടെ കോസ്‌മോനട്ടായ അലക്‌സാണ്ടര്‍ ഗഗോര്‍ബുനോവും ഉണ്ടാകും. ഹേഗും അലക്‌സാണ്ടറും കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ക്രൂ ഡ്രാഗണ്‍ ക്രാഫ്റ്റില്‍ നിലയത്തില്‍ എത്തിയത്. ഈ പേടകത്തില്‍ സുനിതയ്ക്കും വില്‍മോറിനും വേണ്ടി രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. എന്നാല്‍, ഇതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചുവരാന്‍ കഴിയാതെ അന്നുമുതല്‍ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.