
ക്രിക്കറ്റിനെ ഒളിമ്പിക്‌സിലെടുത്തു; മടങ്ങിവരവ് 128 വര്‍ഷങ്ങള്‍ക്കുശേഷം
128 വര്‍ഷങ്ങള്‍ക്കുശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് മടങ്ങിയെത്തുന്നു. 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന്റെ ചെറുരൂപമായ ടി20 കളിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറ് വീതം ടീമുകള്‍ക്ക് മത്സരിക്കാം.
ബുധനാഴ്ച്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ് 2028ലെ പ്രോഗ്രാമുകളും അത്‌ലറ്റുകളുടെ ക്വാട്ടയും അംഗീകരിച്ചത്.
1900ല്‍ പാരീസ് ഒളമ്പിക്‌സില്‍ ബ്രിട്ടണും ഫ്രാന്‍സും ദ്വിദിന മത്സരം കളിച്ചിരുന്നു. ഇപ്പോള്‍ ഈ മത്സരത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരമായി അംഗീകരിച്ചിട്ടുണ്ട്.
ഓരോ വിഭാഗത്തിനും 90 വീതം താരങ്ങളുടെ ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഓരോ രാജ്യത്തിനും 15 അംഗ ടീമിനെ നിര്‍ദ്ദേശിക്കാം.
അന്താരാഷ്ട്ര കിക്കറ്റ് കൗണ്‍സിലില്‍ 12 പൂര്‍ണ അംഗങ്ങളാണുള്ളത്. അസോസിയേറ്റ് അംഗങ്ങളായി 94 രാജ്യങ്ങളും ഉണ്ട്. നിലവില്‍ പുരുഷ ടി20യില്‍ ഇന്ത്യയും വനിതകളുടേതില്‍ ന്യൂസിലാന്‍ഡുമാണ് ചാമ്പ്യന്‍മാര്‍.
ക്രിക്കറ്റിനെ കൂടാതെ നാല് കായിക ഇനങ്ങളും 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ പുതുതായി പങ്കെടുക്കുന്നുണ്ട്. ബേസ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസ്സെ, സ്‌ക്വാഷ് എന്നിവ.
ക്രിക്കറ്റിന്റെ വേദികള്‍ തീരുമാനിച്ചിട്ടില്ല. ഗെയിംസിനോട് അടുപ്പിച്ചാകും ഷെഡ്യൂള്‍ തീരുമാനിക്കുകയെന്ന് ഐഒസി അറിയിച്ചു.
വിവിധ സ്‌പോര്‍ട് ഇവന്റുകളില്‍ ക്രിക്കറ്റിന് പ്രവേശനം ലഭിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ക്രിക്കറ്റിനെ ഒളിമ്പിക്‌സിലും ഉള്‍പ്പെടുത്തുന്നത്. 1998ലെ ക്വാലാലംപൂര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ക്രിക്കറ്റും 2022ലെ ബെര്‍മ്മിങ്ഹാം ഗെയിംസില്‍ വനിതകളുടെ മത്സരവും നടന്നിരുന്നു. 2010 മുതല്‍ ഏഷ്യന്‍ ഗെയിംസിലും ടി20 കളിക്കുന്നുണ്ട്.


