PHOTO: FACEBOOK
ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യ സെമിയില്‍
ശ്രീലങ്കയെ തകര്‍ത്തുകൊണ്ട് ഇന്ത്യ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക്. ഇന്ത്യയുടെ ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ 302 റണ്‍സിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ മറുപടിക്കെത്തിയ ശ്രീലങ്ക 55 റണ്‍സില്‍ 19.4 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരന്നു. അഞ്ച് ഓവറുകളില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ഓപ്പണര്‍ രോഹിത് ശര്‍മ്മയെ തുടക്കം തന്നെ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 357 എന്ന സ്‌കോറിലേക്ക് ഇന്ത്യയെത്തിയത്. 92 പന്തില്‍ നിന്നായി 92 റണ്‍സ് ഗില്‍ നേടിയപ്പോള്‍ 94 പന്തില്‍ നിന്ന് 88 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ ലോകകപ്പിലെ തന്റെ മികച്ച പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ പുറത്തെടുത്തത്. 56 പന്തില്‍ നിന്ന് 82 റണ്‍സാണ് ശ്രേയസ് നേടിയത്. വലിയ ലക്ഷ്യത്തെ പിന്തുടര്‍ന്നെത്തിയ ലങ്കയെ ഇന്ത്യയുടെ ബൗളര്‍മാര്‍ ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല എന്ന് തന്നെ പറയാം. ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ജസ്പ്രീത് ബുംറ ഓപ്പണര്‍ പാതും നിസംഗയെ പുറത്താക്കിക്കൊണ്ട് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജ് ഏഷ്യാ കപ്പ് ഫൈനലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. ബുംറയും സിറാജും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയപ്പോള്‍ പിന്നീടെത്തിയ ഷമി കഴിഞ്ഞ രണ്ട്് മത്സരങ്ങളിലായി താന്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. സിറാജ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഴ് കളികള്‍, ഏഴ് വിജയം.
2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പുറത്തെടുക്കുന്നത് ഏറ്റവും മികച്ച പ്രകടനമാണ്. ലോകകപ്പിന്റെ പ്രാഥമികഘട്ടത്തില്‍ തോല്‍വിയറിയാത്ത ഏക ടീമും ഇന്ത്യയാണ്. ഏഴ് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവുമായി പതിനാല് പോയിന്റോടെ ടേബിളില്‍ ഒന്നാമതായാണ് ഇന്ത്യയുടെ സെമി പ്രവേശനം. പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള സൗത്ത് ആഫ്രിക്കയുമായിട്ടും നെതര്‍ലന്‍ഡ്സുമായിട്ടുമാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിന് ആശങ്കയുണര്‍ത്തുന്ന മറ്റൊന്നുമില്ലെന്ന് തന്നെ പറയാം.