
കണ്ണൂർ സ്ഫോടനം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂരിലെ കണ്ണപുരം കീഴറയിലെ വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലയിലെ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു. കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ 2016ൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
സ്ഫോടനത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ എന്ന് കരുതപ്പെടുന്നു.
അനൂപിനായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പോലീസ് പറയുന്നു.
ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സ്ഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇവ നിർമ്മിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കണ്ണപുരം കീഴറയിലെ വീട്ടിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.


