
ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അമേരിക്കക്കാര്‍ക്ക് 560 കോടി ഡോളര്‍ നഷ്ടം
ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക തട്ടിപ്പുകളിലൂടെ കഴിഞ്ഞ വര്‍ഷം (2023) അമേരിക്കക്കാര്‍ക്ക് 5.6 ബില്യണ്‍ ഡോളറിലധികം നഷ്ടമായതായി കണക്കുകള്‍. 2022 ലെ കണക്കുകളെ അപേക്ഷിച്ച് 2023 ല്‍ ഇരട്ടിയോളം തുകയാണ് കൂടുതലായി തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. എഫ്ബിഐ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2022 മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞവര്‍ഷം 45% തുകയുടെ വര്‍ദ്ധനവാണ് തട്ടിപ്പില്‍ കാണുന്നത്.
എഫ്ബിഐയുടെ കണക്കനുസരിച്ച് ബിറ്റ്‌കോയിന്‍, ഈഥര്‍, മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പിന് ഇരയായവരില്‍ നിന്നായി 2023-ല്‍ 70,000 പരാതികള്‍ എഫ്ബിഐക്ക് ലഭിച്ചു. 3.96 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ തട്ടിപ്പാണ് ഏറ്റവും വലുത്.
''ക്രിപ്റ്റോകറന്‍സിയുടെ വികേന്ദ്രീകൃത സ്വഭാവം, പിന്‍വലിക്കാനോ റദ്ദ് ചെയ്യാനോ കഴിയാത്ത ഇടപാടുകളുടെ വേഗത, ആഗോളതലത്തില്‍ മൂല്യം കൈമാറ്റം ചെയ്യാനുള്ള കഴിവ് എന്നിവ ക്രിപ്‌റ്റോകറന്‍സിയെ കുറ്റവാളികളുടെ ആകര്‍ഷകമായ ആയുധമാക്കി മാറ്റുന്നു. മാത്രമല്ല, ഇത് മോഷ്ടിച്ച തുക വീണ്ടെടുക്കുന്നതിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു,'' എന്നും എഫ്ബിഐയുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് അസിസ്റ്റന്റ് ഡയറക്ടര്‍ മൈക്കല്‍ നോര്‍ഡ്വാള്‍ വിശദീകരിക്കുന്നു.
വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ തട്ടിപ്പുകാര്‍ മറ്റ് വഴികള്‍ ഉപയോഗിച്ചായിരിക്കും ഇരകളുമായി ബന്ധപ്പെടുക. നിരവധി ആഴ്ചകളും, മാസങ്ങളും ഇതിനായി ചിലവഴിക്കും. പലപ്പോഴും ഡേറ്റിംഗ് ആപ്പുകള്‍ വഴിയോ സോഷ്യല്‍ മീഡിയ വഴിയോ ആകും ഇവര്‍ ബന്ധപ്പെടുക. ബന്ധം കെട്ടിപ്പടുത്തുകഴിഞ്ഞാല്‍, തങ്ങളുടെ പണം നിക്ഷേപിക്കാന്‍ വ്യാജ വെബ്സൈറ്റുകളോ ആപ്പുകളോ ഉപയോഗിക്കാന്‍ അവര്‍ ലക്ഷ്യമിട്ടവരെ ബോധ്യപ്പെടുത്തുന്നു. ചിലപ്പോള്‍ ഇരകളെ നിയമാനുസൃതമെന്ന് തോന്നിപ്പിക്കുന്നതിന് ചെറിയ തുക പിന്‍വലിക്കാന്‍ പോലും അനുവദിക്കാറുണ്ടെന്ന് എഫ്ബിഐ പറയുന്നു.
ചില കേസുകളില്‍ നഷ്ടപ്പെട്ട ക്രിപ്റ്റോകറന്‍സി വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ ബിസിനസുകളുമായി ഇരകളെ ലക്ഷ്യം വെക്കുന്നു. എല്ലാ പ്രായത്തിലുമുള്ള അമേരിക്കക്കാരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാന്നുണ്ടെന്നും ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളില്‍ നിന്നുള്ള നിക്ഷേപ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.