
48 മണിക്കൂറിനുള്ളിൽ നാലാം തവണയും തകർന്ന് ക്യൂബയിലെ വൈദ്യുത ഗ്രിഡ്
ശക്തമായ ചുഴലിക്കാറ്റിൽ ക്യൂബയിലെ വൈദ്യുത ഗ്രിഡ് ഞായറാഴ്ച വീണ്ടും തകർന്നു. 48 മണിക്കൂറിനുള്ളിൽ നാലാമത്തെ തവണയാണ് വൈദ്യുത ഗ്രിഡ് തകരുന്നത്. ഗ്രിഡിന്റെ ആദ്യ തകർച്ചയ്ക്ക് ശേഷം പത്തു ലക്ഷത്തിലധികം ആളുകൾക്കാണ് രണ്ട് ദിവസത്തിലേറെയായി വൈദ്യുതി ഇല്ലാതെ കഴിഞ്ഞു കൂടേണ്ടി വന്നത്. എന്നാൽ വൈദ്യുതി ഞായറാഴ്ചയോടെ പുനഃസ്ഥാപിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു; ഇതിന് പിന്നാലെയാണ് രണ്ടാമതും ചുഴലിക്കാറ്റ് വീശുന്നത്. അടിയന്തരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് രാജ്യത്തെ വൈദ്യുതി ഖനി മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച കരീബിയൻ ദ്വീപിൽ ഓസ്കാർ ചുഴലിക്കാറ്റ് വീശിയിരുന്നു. ഇത് കിഴക്കൻ ക്യൂബയിൽ അതി ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാവുകയും പുനരുദ്ധാരണ പ്രവർത്തങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു.
കിഴക്കൻ ക്യൂബയിൽ വളരെ അപകടകരമായ സാഹചര്യമായിരിക്കും ചുഴലിക്കാറ്റ് മൂലം ഉണ്ടാവുകയെന്ന് ക്യൂബയ്ക്ക് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. കൊടുങ്കാറ്റ് ദ്വീപിന് കുറുകെ കടക്കുമ്പോൾ മണിക്കൂറിൽ 75 മൈൽ (120 കി.മീ) വേഗതയിലായിരിക്കും കാറ്റ് വീശുകയെന്ന് യുഎസിലെ നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ഓസ്കർ ചുഴലിക്കാറ്റ് കിഴക്കൻ ക്യൂബയിൽ തിങ്കളാഴ്ചയും തുടരും, തിങ്കളാഴ്ച ക്യൂബയുടെ വടക്കൻ തീരത്ത് നിന്ന് ചൊവ്വാഴ്ച മധ്യ ബഹാമാസിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി, ചുഴലിക്കാറ്റ് കേന്ദ്രം പറഞ്ഞു. ചുഴലിക്കാറ്റും ഊർജ്ജ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി സർക്കാർ ബുധനാഴ്ച വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അവശ്യ തൊഴിലാളികൾ മാത്രം തിങ്കളാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമത്താൽ ക്ഷീണിതരായ പ്രദേശവാസികൾക്ക് വേണ്ടി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായിത്തീർന്നു ആവർത്തിച്ചുള്ള ഗ്രിഡ് തകർച്ച. 48 മണിക്കൂറിനുള്ളിൽ തുടരെത്തുടരെയുള്ള തിരിച്ചടികൾ ജോലിയുടെ സങ്കീർണതകളെയും ഇപ്പോഴും പൂർവ്വാവസ്ഥയിലെത്താത്ത ഗ്രിഡിന്റെ നിലവിലെ അവസ്ഥയെയും വ്യക്തമാക്കുന്നു. ഹവാനയിലെ 1,60,000 ആളുകൾക്ക് വേണ്ടി വൈദ്യുതി പുനഃസ്ഥാപിച്ച് നൽകാൻ ക്യൂബയ്ക്ക് സാധിച്ചത് തദ്ദേശവാസികളിൽ പ്രതീക്ഷയുണർത്തുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഗ്രിഡ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ പ്രദേശവാസികൾ നാടകീയമായ മെച്ചപ്പെടുത്തൽ പ്രതീക്ഷിക്കരുതെന്നും ഊർജ്ജ ഖനി മന്ത്രി വിൻസെന്റ് ഡെ ല ഒ ലെവി പറഞ്ഞു. ക്യൂബയിലെ വൈദ്യുത ഗ്രിഡ് ആദ്യമായി തകരുന്നത് വെള്ളിയാഴ്ചയാണ് തുടർന്ന് ദ്വീപിലെ ഏറ്റവും വലിയ പവർപ്ലാന്റ് അടച്ചു പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഗ്രിഡ് വീണ്ടും തകർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച ഹവാനയിൽ ഗ്രിഡ് തകർച്ച ഉണ്ടായതിനെ തുടർന്ന് മരിയാനോയിലും സെൻട്രൽ ക്വട്രോ കാമിനോസിലും പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ഭൂരിഭാഗം ക്യൂബക്കാരും പിന്തുണയ്ക്കുകയും മനസിലാക്കുകയും ചെയ്തതായി വിൻസെന്റ് ഡെ ല ഒ ലെവി പറഞ്ഞു.


