TMJ
searchnav-menu
post-thumbnail

TMJ Daily

ഔദ്യോഗിക വസതിയിലെ നോട്ടുകെട്ടുകള്‍: ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ

24 Mar 2025   |   1 min Read
TMJ News Desk

ദ്യോഗിക വസതിയില്‍നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. മാര്‍ച്ച് 14ന് രാത്രിയില്‍ ഉണ്ടായ തീ അണച്ചശേഷം സംഭവ സ്ഥലത്തേക്ക് എത്തിയ തന്റെ ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന കറന്‍സിയുടെ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടില്ലെന്ന് വര്‍മ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാദ്ധ്യായയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

അര്‍ദ്ധരാത്രിയോടെ തീപിടിച്ചപ്പോള്‍ തന്റെ മകളും പ്രൈവറ്റ് സെക്രട്ടറിയുമാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചതെന്നും തീയണയ്ക്കുന്ന സമയത്ത് കുടുംബാംഗങ്ങളെയും തന്റെ ജീവനക്കാരെയും സുരക്ഷയെ കരുതി മാറ്റി നിര്‍ത്തിയെന്നും കത്തില്‍ പറയുന്നു. തീയണച്ചശേഷം സംഭവസ്ഥലത്ത് എത്തിയ അവര്‍ പണമോ കറന്‍സിയോ കണ്ടില്ലെന്നും പറഞ്ഞു.

സംഭവസമയത്ത് ഉണ്ടായിരുന്ന ജീവനക്കാരോട് താന്‍ നേരിട്ട് കാര്യങ്ങള്‍ തിരക്കിയെന്നും സംഭവ സ്ഥലത്ത് പണം കണ്ടില്ലെന്നും അല്ലെങ്കില്‍ സമീപത്ത് കണ്ടെത്തിയെന്ന് പറയുന്ന പണം നീക്കം ചെയ്തില്ലെന്നും അവര്‍ പറഞ്ഞുവെന്നും വര്‍മ കത്തില്‍ പറയുന്നു.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടം മാത്രമാണ് നീക്കം ചെയ്തതെന്നും ജഡ്ജി പറയുന്നു. തന്നെ കുടുക്കാനും അപമാനിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പണം കണ്ടെത്തിയെന്ന ആരോപണമെന്നും അദ്ദേഹം പറയുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വര്‍മ്മയോട് വിശദീകരണം ചോദിച്ചിരുന്നു. വസതിയില്‍ കണ്ടെത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദീകരണം ചോദിച്ചിരുന്നു.

വര്‍മ്മയുടെ ഫോണ്‍, ഫോണിലെ വിവരങ്ങള്‍ എന്നിവ നശിപ്പിക്കാനോ മാറ്റം വരുത്താനോ പാടില്ലെന്നും സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടിട്ടുണ്ട്.

പഴയ ഫര്‍ണീച്ചറും കുപ്പികളും പാത്രങ്ങളും മെത്തയും ഉപയോഗിച്ച കാര്‍പ്പറ്റുകളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ് സ്റ്റോര്‍ മുറിയെന്ന് വര്‍മ്മ പറയുന്നു. ഈ മുറിയില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും ഇത് പിന്നീട് നീക്കം ചെയ്തുവെന്നും ആരോപണം ഉയര്‍ന്നത്. ഈ മുറി വസതിയുടെ പ്രധാന ഭാഗത്തുനിന്നും വേറിട്ട് നില്‍ക്കുന്നതാണെന്നും ജഡ്ജി പറയുന്നു.




#Daily
Leave a comment