REPRESENTATIONAL IMAGE: UN
പാഠ്യപദ്ധതിയില്‍ പരിഷ്‌കരണം; ജെന്‍ഡര്‍ വിവേചനം പ്രതിഫലിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കും
പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ഓഡിറ്റിങ് വേണമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണത്തിലുള്ള ചട്ടക്കൂടിന്റെ കരടില്‍ നിര്‍ദേശം. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോഴുള്ള സമീപനം എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കുന്നതാണ് കരട്. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജെന്‍ഡര്‍ നീതിയിലൂന്നിയ സഹവര്‍ത്തക സംസ്‌കാരവും പഠനരീതിയും പ്രതിഫലിക്കണമെന്നും കരടില്‍ പറയുന്നു.
പരിഷ്‌കരണങ്ങള്‍
ജെന്‍ഡര്‍ വിവേചനം പ്രതിഫലിക്കുന്ന പ്രയോഗങ്ങളും പാഠഭാഗങ്ങളും പൂര്‍ണമായും ഒഴിവാക്കും. സ്‌കൂളുകളുടെ ഗുണനിലവാര പരിശോധനയില്‍ ജെന്‍ഡര്‍ ഓഡിറ്റിംങ് പ്രധാന ഘടകമാണെന്നും പറയുന്നുണ്ട്. തൊഴില്‍വിദ്യാഭ്യാസം ഒന്‍പതാം ക്ലാസില്‍ ആരംഭിക്കണം, രക്ഷാകര്‍തൃ ബോധവല്‍ക്കരണ വിദ്യാഭ്യാസം നടപ്പാക്കണം, കുട്ടികളില്‍ വിമര്‍ശനാത്മക ചിന്ത വളര്‍ത്തുന്ന തരത്തിലെ ശാസ്ത്ര വിദ്യാഭ്യാസം, തുടങ്ങിയ പരിഷ്‌കരണങ്ങളാണ് പുതുതായി നിര്‍ദേശിച്ചിട്ടുള്ളത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എസ്.സി.ഇ.ആര്‍.ടി രൂപം നല്‍കിയ കരട് ഇന്നലെയാണ് പാഠ്യപദ്ധതി കോര്‍ കമ്മറ്റിയില്‍ അവതരിപ്പിച്ചത്. ഈ മാസം 10 വരെയാണ് കോര്‍ കമ്മറ്റിക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള തിയ്യതി. തുടര്‍ന്ന് അന്തിമ ചട്ടക്കൂട് പ്രകാശനം ചെയ്യും. പാഠപുസ്തക രചനയ്ക്കായി 12 പേര്‍ വീതമുള്ള ഗ്രൂപ്പുകളുണ്ടാക്കി വിവിധ ഭാഷകളിലായി 168 പുതിയ പുസ്തകങ്ങളുടെ രചന ഒക്ടോബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
പാഠ്യപദ്ധതി പരിഷ്‌ക്കരിക്കാന്‍ തീരുമാനം
ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനും പുതിയ പാഠപുസ്തകങ്ങള്‍ അവതരിപ്പിക്കാനും കഴിഞ്ഞ വര്‍ഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സമയ പരിധി നിശ്ചയിക്കുന്നത്. 2007 ലാണ് സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതി അവസാനമായി പരിഷ്‌ക്കരിക്കുന്നത്. 2014-15 ലാണ് അത് നടപ്പിലാക്കുന്നത്. ഈ വര്‍ഷത്തോടെ പാഠ്യപദ്ധതിയുടെ കരട് അന്തിമമാക്കി 2024-25 അധ്യായന വര്‍ഷത്തില്‍ പുതുക്കിയ പാഠപുസ്തങ്ങളുടെ ആദ്യ ഘട്ടം പുറത്തിറക്കാനാണ് വകുപ്പ് ഉദ്ദേശിച്ചിരുന്നത്. 2025-26 മുതല്‍ എല്ലാ ക്ലാസുകളിലും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനും തീരുമാനിച്ചു. പാഠ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ശേഖരിക്കാനും പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സ്‌കൂളുകളില്‍ ഒരു നിശ്ചിത സമയം മാറ്റിവയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു.