ലോകക്രിക്കറ്റിന്റെ വേദി ഉണരുന്നു
2019 ക്രിക്കറ്റ് ലോകകപ്പ് എവിടെ അവസാനിച്ചുവോ അവിടെ നിന്ന് 2023 ലോകകപ്പ് ആരംഭിക്കും. വേദി അന്ന് ലോര്‍ഡ്സ് ആണെങ്കില്‍ ഇന്നത്തെ വേദി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. ഐ.സി.സി ഏകദിന ലോകകപ്പിന്റെ 2023 എഡിഷന് ഇന്ന് തുടക്കമാവുമ്പോള്‍ ആദ്യം ഏറ്റുമുട്ടുന്നത് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് എന്നിവര്‍. കഴിഞ്ഞ എഡിഷനിലെ ഫൈനലില്‍ കൈയ്യെത്തും ദൂരത്ത് നിന്നാണ് ന്യൂസിലന്‍ഡിന് കിരീടം നഷ്ടമായത്. സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
കിരീട നേട്ടം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ട്
ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കള്‍ എന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണയാണ് ഇംഗ്ലണ്ട് ആദ്യമായി ലോകക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായത്. ഇയോവിന്‍ മോര്‍ഗനായിരുന്നു കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ നയിച്ചതെങ്കില്‍ ഇത്തവണ അത് ജോസ് ബട്ലറിന്റെ കടമയാണ്. പരിചയസമ്പന്നരായ കളിക്കാരുടെയും പുതുപുത്തന്‍ പ്രതിഭകളുടെയും ഒരു കൂട്ടത്തെ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ കാണാന്‍ സാധിക്കും. ജോസ് ബട്ട്ലര്‍, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, സാം കുറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയവര്‍ അടങ്ങിയ ബാറ്റിംഗ് നിര മറ്റ് ടീമുകളുടെ പേടിസ്വപ്നമാണ്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലോകകപ്പിന് വേണ്ടി മാത്രം തിരിച്ച് വന്ന ബെന്‍ സ്റ്റോക്‌സ് ഇത്തവണയും ടീമിന് മുതല്‍ക്കൂട്ടാണ്.
കൈവിട്ടത് തിരിച്ച് പിടിക്കാന്‍ ന്യൂസിലന്‍ഡ്
ലോകകപ്പിന്റെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ന്യൂസിലന്‍ഡിന് കിരീടം നഷ്ടമായത് ഫൈനലിലാണ്. 2015 ല്‍ ഓസ്ട്രേലിയയോടും 2019 ല്‍ ഇംഗ്ലണ്ടിനോടും അവര്‍ തോല്‍വിയറിഞ്ഞു. കെയിന്‍ വില്ല്യംസണിന്റെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് വണ്ടി കയറുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. സന്തുലിതമായ ടീമും ശക്തമായ ബാറ്റിംഗ് നിരയും മികച്ച പേസ് ബൗളിംഗ് ആക്രമണവുമാണ് കിവീസിന്റെ കരുത്ത്. ഐപിഎല്ലില്‍ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന ക്യാപ്റ്റന്‍ കെയിന്‍ വില്യംസിന്റെ മടങ്ങിവരവ് ടീമിന് ശക്തി പകരുന്നുണ്ട്. കെയിന്‍ വില്ല്യംസണ്‍ നയിക്കുന്ന ബാറ്റിംഗ് ഡിപ്പാര്‍ട്മെന്റും ട്രന്റ് ബോള്‍ട്ട് നയിക്കുന്ന ബൗണിങ്ങ് നിരയും കിവീസിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്.