
മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്‌സാപ് ഗ്രൂപ്പ് വിവാദത്തിൽ സൈബര്‍ പൊലീസ് അന്വേഷണം
ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം. കഴിഞ്ഞമാസം 30ന് Mallu Hindu Off എന്ന പേരില്‍ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഡ്മിനായാണ് ഗ്രൂപ്പ് രൂപപ്പെട്ടത്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും Mallu Musliam Off എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കിയതായും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയതായും കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണന്‍ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
മല്ലു ഹിന്ദു ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായത് സംശയം ജനിപ്പിക്കുന്നു.