TMJ
searchnav-menu
post-thumbnail

TMJ Daily

അസ്‌ന ചുഴലിക്കാറ്റ്; കര്‍ണാടകയ്ക്കും ഗുജറാത്തിനും മുന്നറിയിപ്പ്, 24 മണിക്കൂറില്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം വിട്ടേക്കാമെന്ന് കാലാവസ്ഥ വകുപ്പ്

31 Aug 2024   |   1 min Read
TMJ News Desk

ഗുജറാത്തിലെ കച്ച് തീരത്ത് രൂപംകൊണ്ട അസ്‌ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശ കര്‍ണാടകയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സൗരാഷ്ട്ര-കച്ച് മേഖലയില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് ഈ വര്‍ഷത്തില്‍ അസാധാരണമാണെന്നും ഇത് ഒമാനിലേക്ക് നീങ്ങുമെന്നുമാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ തീരത്ത് നിന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ രൂപപ്പെട്ട ഈ ന്യൂനമര്‍ദ്ദമാണ് ഗുജറാത്തില്‍ ശക്തമായ മഴയ്ക്ക് കാരണമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കച്ച് പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്ത് 882 മില്ലിമീറ്റര്‍ മഴ പെയ്തതായി ഐഎംഡി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇത് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

1891 നും 2023 നും ഇടയില്‍ 1976, 1964,1944 എന്നീ വര്‍ഷങ്ങളില്‍ അറബിക്കടലില്‍ ഇത്തരം മൂന്ന് കൊടുങ്കാറ്റുകള്‍ മാത്രമെ രൂപപ്പെട്ടിട്ടൂള്ളൂവെന്നാണ് റിപ്പോര്‍ട്ട്. കച്ച് തീരത്തും പാകിസ്ഥാന്റെ സമീപ പ്രദേശങ്ങളിലും രൂപപ്പെട്ട ആഴത്തിലുള്ള ന്യൂനമര്‍ദം അസ്‌ന ചുഴലിക്കാറ്റായി തീവ്രത പ്രാപിക്കുകയും ഭുജിന് 190 കിലോമീറ്റര്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഇതേ മേഖലയില്‍ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രസ്താവന. 

പ്രദേശത്തെ ന്യൂനമര്‍ദം വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റായി മാറുമെന്ന് ഐഎംഡി നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ഗുജറാത്ത് തീരത്തും പുറത്തും കാറ്റിന്റെ വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെയാകുമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുജറാത്തില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ പെയ്ത മഴയില്‍ 26 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 18,000 ത്തിലധികം ആളുകളെ ദുരന്തബാധിത മേഖലയില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകിയതിനാല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി.


#Daily
Leave a comment