TMJ
searchnav-menu
post-thumbnail

TMJ Daily

നാശം വിതച്ച് ഫെഞ്ചല്‍ ചുഴലിക്കാറ്റ്; 13 മരണം

02 Dec 2024   |   1 min Read
TMJ News Desk

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്  ആഞ്ഞുവീശിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രാവിലെ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാര്‍ എന്നയാള്‍ക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ്.

ഫെയ്ഞ്ചല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂര്‍, ധര്‍മ്മഗിരി ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഏഴ് പേര്‍ കുടുങ്ങിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം ഇന്നും രക്ഷാദൗത്യം തുടരും.

കേരളത്തില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ അളവില്‍ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്.


#Daily
Leave a comment