കനത്ത നാശംവിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്; ജനജീവിതം സ്തംഭിച്ചു
അമേരിക്കയിലെ ഫ്ളോറിഡയില്‍ കനത്ത നാശംവിതച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. ശക്തമായ മഴ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റ് ജോര്‍ജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫ്‌ളോറിഡയിലും ജോര്‍ജിയയിലുമായി നാല് ലക്ഷത്തോളം ആളുകള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കഴിയുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദുരന്തബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുകയാണ്.
ഇഡാലിയ ശക്തിപ്രാപിക്കും
ഫ്‌ളോറിഡയില്‍ ഇതുവരെ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്‌ളോറിഡയിലെ രണ്ടു മരണങ്ങളും വാഹനാപകടങ്ങളെ തുടര്‍ന്നാണെന്ന് പോലീസ് അറിയിച്ചു. ചുഴലിക്കാറ്റിനു പിന്നാലെ തെക്കു കിഴക്കന്‍ ജോര്‍ജിയയില്‍ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുകയാണ്. നിലവില്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കരയിലേക്ക് ആഞ്ഞടിക്കുന്നതിനുമുമ്പ് ചുഴലിക്കാറ്റിന്റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.
ഇഡാലിയ ചുഴലിക്കാറ്റ് ഇപ്പോള്‍ കാറ്റഗറി 2 വിഭാഗത്തിലാണുള്ളത്. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയില്‍ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ക്യൂബയില്‍ നിന്നും നീങ്ങിയ ഇഡാലിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്ളോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ദുരന്ത സാഹചര്യം കണക്കിലെടുത്ത് 30,000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇയാനു പിന്നാലെ ഇഡാലിയ
ഓഗസ്റ്റ് 28 നാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ശക്തിപ്രാപിച്ചു തുടങ്ങിയത്. വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാല്‍ കുയാഗ്വാട്ടെജെ നദീതീരത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഏതു സാഹചര്യത്തെയും നേരിടാന്‍ ഫ്ളോറിഡ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഈ സീസണില്‍ ഫ്ളോറിഡയെ ബാധിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് ഇഡാലിയ. കഴിഞ്ഞ സെപ്തംബറില്‍ ഫ്ളോറിഡയില്‍ ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. 150 പേരുടെ മരണത്തിനിടയാക്കിയ കാറ്റഗറി 4 കൊടുങ്കാറ്റായ ഇയാന്‍ ചുഴലിക്കാറ്റിന്റെ കെടുതികളില്‍ നിന്നും ഇപ്പോഴും ഫ്ളോറിഡ മോചിതമായിട്ടില്ല. അതിനിടെയാണ് മറ്റൊരു ചുഴലിക്കാറ്റ് കൂടി എത്തിയിരിക്കുന്നത്.