PHOTO: PTI
മിഷോങ് ഇന്ന് തീരം തൊടും; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത
കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട്. മഴക്കെടുതിയില്‍ ഇതുവരെ അഞ്ചുപേര്‍ മരിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ബാപ്ടലയില്‍ ഇന്ന് കരതൊടുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 47 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയില്‍ ഇന്നലെ പെയ്തത്. ചെന്നൈ ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ ഇന്നും പൊതു അവധിയാണ്.
താളംതെറ്റി ചെന്നൈ
162 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. കനത്ത മഴയിലും വെള്ളക്കെട്ടിലും നിരവധി വാഹനങ്ങളാണ് ഒലിച്ചുപോയത്. ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഇന്നലെ അടച്ച ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ തുറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വിഴുപുറം, തിരുവണ്ണാമലൈ, റാണിപ്പെട്ട് ജില്ലകളിലാണ് പേമാരി നാശംവിതച്ചത്. വൈദ്യുതാഘാതമേറ്റ് രണ്ടുപേരും മരം വീണ് ഒരാളുമുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്.
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ ചെന്നൈ നഗരം ഇരുട്ടിലാണ്. ആറ് പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരമേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ ഉച്ചവരെ 34 സെന്റീമീറ്റര്‍ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 2015 ല്‍ ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോള്‍ 33 സെന്റീമീറ്റര്‍ മഴയായിരുന്നു രേഖപ്പെടുത്തിയത്.
കേരളത്തിലേക്ക് ഉള്‍പ്പെടെ ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട 118 ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തിലെ 14 സബ് വേകള്‍ അടച്ചിട്ടതായി സിറ്റി പോലീസ് അറിയിച്ചു. സബ്വേകളും അടിപ്പാലങ്ങളും വെള്ളത്തില്‍ മുങ്ങി. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കും വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. കടല്‍ത്തീരങ്ങളില്‍ കാറ്റിന്റെ വേഗം കൂടിയതിനാല്‍ 12 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ കരയിലേക്ക് അടിക്കുന്നത്. കേരളത്തിലും അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത ജാഗ്രത
മഴയുടെ ശക്തി കുറഞ്ഞെങ്കിലും തമിഴ്നാട് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈയുള്‍പ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രി ഉദയനിധി സ്റ്റാലിന്‍ വെള്ളപ്പൊക്ക ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയുണ്ടാകുമെന്ന് 10 ദിവസം മുമ്പേതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ കൈക്കൊള്ളുവാന്‍ സാധിച്ചില്ല. ആന്ധ്രാപ്രദേശില്‍ വരുന്ന മൂന്നുദിവസം കൂടി കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.