
മോന്‍താ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും
ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട മോന്‍താ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം തൊടും. ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലുള്ള കക്കിനടയുടെ സമീപത്ത് കര തൊടുമെന്നാണ് പ്രവചനം. ആന്ധ്രാ തീരത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചുഴലിക്കാറ്റ് മൂലം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോൻതാ ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശം ആന്ധ്രാപ്രദേശ് തീരത്ത് ആരംഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) മാനേജിംഗ് ഡയറക്ടർ പ്രകാശ് ജയിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൽ നിന്ന് രൂപപ്പെട്ട മോന്‍താ ഞായറാഴ്ച അർധരാത്രിയോടെയാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.


