
ഡി 2 ഡി; ടവറില്ലാതെ നെറ്റ്‌വർക്ക് ലഭ്യമാക്കാൻ ബിഎസ്എൻഎൽ
മൊബൈൽ ടവറുകളോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ ഫോണിനെ സാറ്റലൈറ്റുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണത്തിൽ വിജയം കൈവരിച്ച് ബിഎസ്എൻഎൽ-വിയാസാറ്റ് കൂട്ടുകെട്ട്. രാജ്യത്തെ ടെലികോം പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ ആഗോള സാറ്റലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഡയറക്റ്റ് ടു ഡിവൈസ് (D2D) എന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചത്. മൊബൈൽ ഫോണുകൾ സ്മാർട്ട് വാച്ചുകൾ, കാറുകൾ തുടങ്ങിയവയിലെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാവും.
ഇന്ത്യ മൊബൈൽ കോൺഗ്രസ് എന്ന പരിപാടിയിൽ വിയാസാറ്റ് ഡി 2 ഡി സാങ്കേതികവിദ്യയുടെ ഡെമോ അവതരിപ്പിച്ചത്. ലോകമൊട്ടാകെ ഇതേ സാങ്കേതികവിദ്യയിൽ തങ്ങൾ, പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യയിൽ അത് ബിഎസ്എൻഎല്ലിനൊപ്പമാണെന്ന് വിയാസാറ്റ് പറഞ്ഞു. വിശ്വാസയോഗ്യവും സ്ഥിരവുമായ നെറ്റ് വർക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഡി 2 ഡി എന്ന സാങ്കേതികവിദ്യ ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമാവുമെന്ന് വിയാസാറ്റിന്റെ ചീഫ് ടെക്നിക്കൽ ഓഫീസർ സന്ദീപ് മൂർത്തി പറഞ്ഞു. ഭാവിയിൽ ഇന്ത്യയിലെ വിതരണശൃംഖല വിപുലമാക്കാനും ഡി 2 ഡി എന്ന സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വിദൂര പ്രദേശങ്ങളിലും നെറ്റ് വർക്കില്ലാത്ത പ്രദേശങ്ങളിലും സാറ്റലൈറ്റ് വഴി തടസ്സമില്ലാതെ കണക്ടിവിറ്റി നൽകാനാവുന്നത് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സവിശേഷതയാണ്. സ്മാർട്ട്ഫോണുകളിൽ ടു-വേ മെസേജിങ്, എസ്ഒഎസ് മെസേജിങ് എന്നിവയാണ് ഡെമോയിലൂടെ അവതരിപ്പിച്ചത്. എൻടിഎൻ കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് ഫോണുകളിലാണ് ഡെമോ നൽകിയത്. ഇത്തരത്തിലൊരു സാങ്കേതികവിദ്യ ബിഎസ്എൻഎല്ലിന് പുതിയ വരിക്കാരെ ചേർക്കാൻ സഹായകമാകും. കൂടാതെ മൊബൈൽ മാർക്കറ്റിലുള്ള സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളി സൃഷ്ടിക്കാനും ഇതിലൂടെ ബിഎസ്എൻഎല്ലിന് സാധ്യമാവും.


