
തൊഴിലാളികളുടെ ദിവസക്കൂലി: ദേശീയ നിരക്കിന്റെ ഇരട്ടി കേരളത്തില്‍
ഉത്തരേന്ത്യയില്‍ നിന്നും തൊഴിലാളികള്‍ ജോലി തേടി കേരളത്തിലേക്ക് വരുന്നത് എന്തുകൊണ്ടാണ്? മറ്റൊന്നുമല്ല, അവരുടെ സംസ്ഥാനങ്ങളില്‍ കിട്ടുന്ന ദിവസക്കൂലിയേക്കാള്‍ വലിയ തുകയാണ് കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നത്. കേരളത്തില്‍ അസംഘടിത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ദിവസം ലഭിക്കുന്ന കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരമാണിത്.
കേരളത്തിലെ ഗ്രാമീണ മേഖലയിലെ പുരുഷ കര്‍ഷകത്തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി ദിവസക്കൂലി 807.2 രൂപയാണ്. ഇന്ത്യയില്‍ ഈ കൂലി ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ദേശീയ ശരാശരി കേവലം 372.7 രൂപ മാത്രമാണ്.
രണ്ടാം സ്ഥാനത്തുള്ള ജമ്മുകശ്മീരില്‍ 566.1 രൂപയും തമിഴ്‌നാട്ടില്‍ 540.6 രൂപയുമാണ്. ദിവസക്കൂലിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് മധ്യപ്രദേശാണ്. അവിടെ ശരാശരി 242.2 രൂപ മാത്രമാണ്. പിന്നില്‍ നിന്നും തൊട്ടുമുകളില്‍ ഗുജറാത്താണ്, 256.1 രൂപ. ഉത്തര്‍പ്രദേശില്‍ ഇത് 334.4 രൂപയും ത്രിപുരയില്‍ 337.2 രൂപയുമാണ്.
അതേസമയം, കേരളത്തില്‍ ഗ്രാമീണ മേഖലയിലെ നിര്‍മ്മാണ രംഗത്ത് ശരാശരി 893.6 രൂപ കൂലി ലഭിക്കും. ഈ രംഗത്തെ ദേശീയ ശരാശരി 471.3 രൂപയാണ്. ജമ്മുകശ്മീരില്‍ 552.2 രൂപയും തമിഴ്‌നാട്ടില്‍ 539.7 രൂപയും ലഭിക്കും. പിന്നിലുള്ളത് 292.4 രൂപ നിര്‍മ്മാണ തൊഴിലാളിക്ക് നല്‍കുന്ന മധ്യപ്രദേശ് ആണ്. ത്രിപുരയില്‍ തൊഴിലാളിക്ക് 322.2 രൂപ ദിവസക്കൂലി ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ 344.4 രൂപയാണ് കൂലി.
കേരളത്തില്‍ ജോലി തേടി വന്നശേഷം കുടുംബത്തെ ഇവിടേക്ക് കൊണ്ട് വന്ന് മക്കളെ ഇവിടത്തെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്ന ഉത്തരേന്ത്യക്കാര്‍ ധാരാളം ഉണ്ട്. സ്വന്തം നാടിനേക്കാള്‍ കൂടുതല്‍ കൂലിയും ഉയര്‍ന്ന ജീവിത നിലവാരവും ഉള്ള കേരളം അവരുടെ ഗള്‍ഫും യൂറോപ്പുമൊക്കെയാകുന്നു.