ധർമ്മസ്ഥല: മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് ആരോപിക്കുന്ന സ്ഥലത്ത് പരിശോധന.
ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളുടെ മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറഞ്ഞ സ്ഥലങ്ങളിൽ ഇന്ന് (29 ജൂലൈ 2025) പരിശോധന നടക്കും. മൃതദേഹങ്ങൾ പുറത്തെടുക്കാൻ പഞ്ചായത്തിൽ നിന്ന് 12 പേർ അടങ്ങുന്ന സംഘത്തെ എത്തിക്കാൻ എസ്‌ഐടി നിർദേശിച്ചു. കേസ് അന്വേഷണ ചുമതലയുള്ള എസ്‌ഐടി, തിങ്കളാഴ്ച തന്നെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
സാക്ഷിയെ ബെൽത്തങ്ങാടി എസ്‌ഐടി ഓഫീസിൽ എത്തിക്കും. മൃതദേഹങ്ങൾ സംസ്കരിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന 13 സ്ഥലങ്ങളിൽ ഇന്നലെ കേസിലെ സുപ്രധാന സാക്ഷിയും, പരാതിക്കാരനുമായ വ്യക്തിയുടെ സാന്നിധ്യത്തിൽ സംഘം സ്ഥലപരിശോധിച്ച് ജിയോ ടാഗിംഗ് നടത്തി.
എന്നാൽ സാക്ഷി പറഞ്ഞ വാദത്തെ പഞ്ചായത്ത് നിഷേധിച്ചു. മൃതദേഹങ്ങൾ ആത്മഹത്യ ചെയ്തതോ അജ്ഞാതമൃതദേഹമോ ആവാമെന്നും പണ്ട് പിഎച്ച്സിയിൽ നിന്ന് ഡോക്ടർ വന്ന് പരിശോധിച്ച് മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടതാവാമെന്നും പറഞ്ഞു. 1989 മുതൽ ഉള്ളതിന് രേഖകൾ ഉണ്ടെന്നും ഇത് എസ്‌ഐടിക്ക് കൈമാറാൻ തയ്യാറാണെന്നും പഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു പറഞ്ഞു.
പരാതിക്കാരൻ ചൂണ്ടിക്കാണിച്ച സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് സുരക്ഷിതമാക്കുന്നതിനൊപ്പം, അസ്ഥികൂട അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് മുമ്പ് തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കും.
മുൻ ശുചിത്വ തൊഴിലാളിയായ പരാതിക്കാരൻ നൽകിയ പരാതിയിലാണ് ധർമ്മസ്ഥലയിലെ കൊലപാതകങ്ങൾ പുറത്ത് വന്നത്. ധർമ്മസ്ഥല ഗ്രാമപരിധിയിലും, സമീപ പ്രദേശങ്ങളിലും ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ വ്യക്തികളുടെ മൃതദേഹങ്ങൾ, തന്നെ ഭീഷണിപ്പെടുത്തി സംസ്‌കരിക്കാൻ നിർബന്ധിച്ചതായി അദ്ദേഹം ആരോപിച്ചു. പരാതിയെത്തുടർന്ന് ജൂലൈ 4ന് ധർമ്മസ്ഥല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


