ഇരുപത് കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ ഡാറ്റകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
ഇരുപത് കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ പ്രസ് റിപ്പോര്‍ട്ട്. ഇ മെയില്‍ അഡ്രസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവ അടങ്ങിയ 9.4 ജിബി ഡാറ്റകളാണ് ചോര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റയുടെ കൃത്യത ഉറപ്പാക്കാന്‍ സൈബര്‍ പ്രസ് ടീം പരിശോധന നടത്തിയെങ്കിലും ഡാറ്റ ചോര്‍ത്തിയ തീയതി വ്യക്തമായിട്ടില്ല. കുപ്രസിദ്ധമായ ഒരു ഹാക്കര്‍ ഫോറത്തില്‍ 10 ഫയലുകളായാണ് ഡാറ്റകള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഈ ഡാറ്റകള്‍ ലീക്ക് ഫോറത്തില്‍ മിച്ചുപ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് പുറത്തുവിട്ടിരിക്കുന്നത്.
എയര്‍ടെലിന് പിന്നാലെ ട്വിറ്ററും
37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആധാര്‍ നമ്പറുകള്‍, ഫോണ്‍ നമ്പറുകള്‍, ഫോട്ടോ ഐഡി വിവരങ്ങള്‍ തുടങ്ങിയവ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ചോര്‍ത്തിയതായി അവകാശപ്പെട്ട ഹാക്കര്‍ 250 ലധികം ഉപഭോക്താക്കളുടെ സാമ്പിള്‍ ഡാറ്റ അടങ്ങിയ ടെക്സ്റ്റ് ഫയലുകളും പുറത്തുവിട്ടിരുന്നു. ഇതില്‍ ആധാര്‍ കാര്‍ഡ് നമ്പറുകള്‍, പാന്‍ കാര്‍ഡ് നമ്പറുകള്‍, വോട്ടര്‍ ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സ് വിശദാംശങ്ങള്‍ എന്നിവ അടങ്ങിയിരുന്നു. എന്നാല്‍ ഡാറ്റാ ചോര്‍ച്ച എയര്‍ടെല്‍ നിഷേധിച്ചു. എയര്‍ടെല്‍ സിസ്റ്റത്തില്‍ നിന്നും യാതൊരു ലംഘനവും ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.