IMAGE | WIKI COMMONS
കോവിഷീല്‍ഡ് വാക്‌സിനെടുത്ത ശേഷം മകള്‍ മരിച്ചു, നിയമനടപടിക്കൊരുങ്ങി മാതാപിതാക്കള്‍
കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണവുമായി ദമ്പതികള്‍. വാക്‌സിന്‍ സ്വീകരിച്ച ശേഷം മകള്‍ മരിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനക്കയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് വേണുഗോപാലന്‍ ഗോവിന്ദന്‍ പറഞ്ഞു. വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് യുകെ കോടതിയില്‍ അസ്ട്രാസെനക്ക സമ്മതിച്ചതിനെ തുടര്‍ന്നാണ് ദമ്പതികളുടെ ആരോപണം. അസ്ട്രാസെനക്ക വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഷീല്‍ഡ് എടുത്തതിന് പിന്നാലെ 2021 ജൂലൈയിലാണ് ഇവരുടെ മകള്‍ കാരുണ്യ മരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിച്ച ശേഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 15 യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ നിയന്ത്രിച്ചിരുന്നു. എന്നിട്ടും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വിതരണം നിര്‍ത്തിയില്ലെന്നും പിതാവ് ചൂണ്ടിക്കാട്ടി. 2021 ല്‍ മകളെ നഷ്ടപ്പെട്ട മറ്റൊരു വ്യക്തിയും ഗോവിന്ദനും മരണം അന്വേഷിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് കമ്പനി
കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനക്ക സമ്മതിച്ചിരുന്നു. വാക്സിന്‍ സ്വീകരിച്ചവരില്‍ അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും രക്തം കട്ടപിടിക്കാനും സാധ്യതയുണ്ടെന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ശരിവക്കുകയായിരുന്നു കമ്പനി. ഓക്സ്ഫഡ് സര്‍വകലാശാലയും യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്തിരുന്നു.
അസ്ട്രാസെനക കോടതിയില്‍ നല്‍കിയ രേഖകളിലാണ് വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്. വാക്സിന്‍ സ്വീകരിച്ചവരില്‍ ചിലര്‍ മരിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയും ചെയ്തതായി കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമനടപടി ആവശ്യപ്പെട്ട് കമ്പനിക്കെതിരെ 51 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസിനെ തുടര്‍ന്ന് കമ്പനി യുകെ കോടതിക്ക് നല്‍കിയ വിശദീകരണത്തിലാണ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് പറയുന്നത്.
കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ വിവിധ ബ്രാന്‍ഡ് നാമങ്ങളില്‍ വാക്സിന്‍ ആഗോളതലത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് 2021 ല്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കമ്പനിക്കെതിരെ കേസ് നല്‍കുന്നത്. വാക്സിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ 2023 ല്‍ കമ്പനി നിഷേധിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കോവിഷീല്‍ഡിന്റെ ഉപയോഗം ബ്രിട്ടണ്‍ പിന്നീട് നിര്‍ത്തലാക്കി.