
ഡിസിസി ട്രഷറുടെ ആത്മഹത്യ: എംഎല്‍എയുടെ അറസ്റ്റ് കോടതി തടഞ്ഞു
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ഐ സി ബാലകൃഷ്ണനേയും വയനാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ഡി അപ്പച്ചനേയും ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് പ്രതികളുടെ അഭിഭാഷകന്‍ ടി എം റഷീദ് പറഞ്ഞു.
കോടതി പൊലീസിനോട് കേസ് ഡയറി 15-ാം തീയതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും വാക്കാല്‍ നിര്‍ദ്ദേശിച്ചു.
കേസില്‍ സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ഡിസിസി മുന്‍ട്രഷറര്‍ കെ കെ ഗോപിനാഥ്, അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്.
വിജയന്‍ കെപിസിസി പ്രസിഡന്റ് സുധാകരന് നല്‍കാന്‍ വേണ്ടി എഴുതിയ കത്തില്‍ ഈ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേരുകള്‍ ഉണ്ട്.