TMJ
searchnav-menu
post-thumbnail

TMJ Daily

ഡിസിസികളെ കോണ്‍ഗ്രസിന്റെ മുന്‍നിരപ്പോരാളികളാക്കും: കെ സി വേണുഗോപാല്‍

09 Apr 2025   |   1 min Read
TMJ News Desk

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ (ഡിസിസി) മുന്‍നിരപ്പോരാളികളാക്കുമെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരുമായും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും നേരിട്ട് സംവദിച്ചുവെന്നും ഇനി പ്രവര്‍ത്തകരില്‍ നിന്നുള്ള അഭിപ്രായം കേട്ടശേഷം പുനസംഘടന നടത്തുമെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.

ജോലി ചെയ്യാനാകാതെ സ്ഥാനത്തിരിക്കാന്‍ ആര്‍ക്കുമാകില്ലെന്നും എഐസിസിയുടെ നേരിട്ടുള്ള നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെപ്പോലെ ബൂത്ത്-വില്ലേജ് തലത്തിലടക്കം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി സമരങ്ങളിലൂടെയും ജനകീയപരിപാടികളിലൂടെയും ജനങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാകും കോണ്‍ഗ്രസ് മുന്നോട്ടു പോകുകയെന്ന് വേണുഗോപാല്‍ പറഞ്ഞു. അഹമ്മദാബാദില്‍ നടക്കുന്ന എഐസിസിയുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തിരിച്ചുപിടിക്കുന്നതിനെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒബിസി, ദളിത്, ന്യൂനപക്ഷം, മുന്നോക്കവിഭാഗത്തിലെ ഒരു വിഭാഗം എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ പിന്നോക്ക വിഭാഗങ്ങളെ സോഷ്യലിസ്റ്റുകള്‍ ആകര്‍ഷിച്ചുവെങ്കിലും അവര്‍ പറഞ്ഞതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ വെറുപ്പിന്റെ പരീക്ഷണശാലയില്‍ വീണ്ടും ഗാന്ധിയന്‍- പട്ടേല്‍ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഗുജറത്തില്‍ എഐസിസിയുടെ യോഗം സംഘടിപ്പിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഗാന്ധിജിയും പട്ടേലുമൊക്കെ ഭരണഘടനയെ ശക്തിപ്പെടുത്താന്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ഭരണഘടനയെ സംരക്ഷിക്കാനും ജനങ്ങളെ രക്ഷിക്കാനുമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ഒരു വര്‍ഷമായി പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.








#Daily
Leave a comment