TMJ
searchnav-menu
post-thumbnail

IMAGE | WIKI COMMONS

TMJ Daily

ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി

17 Jun 2024   |   1 min Read
TMJ News Desk

ബിഹാറിലെ ബങ്ക ജില്ലയിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും ഹോസ്റ്റലില്‍ സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്വകാര്യ കരാറുകാരനാണ് നിലവില്‍ മെസ് നടത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുന്‍പും കോളേജില്‍ പരാതിപ്പെട്ടിട്ടുണ്ട്.

കോളേജ് ഹോസ്റ്റലില്‍ താമസിക്കേണ്ടിവന്നാല്‍ മെസ് ഫുഡ് കഴിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഈ നിയമം പാലിച്ചില്ലെങ്കില്‍ പരീക്ഷയെ പോലും ബാധിക്കുന്ന അവസ്ഥയാണെന്നും കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സണ്ണി മഹ്‌തോ പ്രതികരിച്ചു. ഹോസ്റ്റലില്‍ മുന്‍പ് നടത്തിയ പരിശോധനയില്‍ 90 ശതമാനം ഭക്ഷണ സാധനങ്ങളും പഴകിയതായി കണ്ടെത്തിയിരുന്നു. ഓരോ തവണ പ്രശ്‌നം ഉന്നയിക്കുമ്പോഴും സംഭവം മറച്ചുവയ്ക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

ഐസ്‌ക്രീമില്‍ മനുഷ്യവിരലും പഴുതാരയും

മുംബൈയില്‍ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ പൂനെയിലെ ഇന്ദാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുമ്മോ എന്ന കമ്പനിയുടെ ലൈസന്‍സ് കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി  സ്റ്റാന്‍ഡേഡ്‌സ്് ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുംബൈയിലെ മലാഡിലുളള യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് കൈവിരല്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സ്വദേശിനി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ ചത്ത പഴുതാരയെ കണ്ടെത്തുന്നതും. അമുല്‍ കമ്പനിയുടേതായിരുന്നു ഐസ്‌ക്രീം.


 

 

#Daily
Leave a comment