
ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി: സുപ്രീംകോടതിക്കെതിരെ രാജേന്ദ്ര അര്‍ലേക്കര്‍
നിയമസഭ പാസാക്കുന്ന ബില്ലുകളുടെമേല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തെത്തി. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തെത്തിയത്.
സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചിന് എങ്ങനെ അത്തരമൊരു വിധി പുറപ്പെടുവിക്കാന്‍ സാധിക്കുമെന്ന് അര്‍ലേക്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബില്ലിന്മേല്‍ ഒപ്പിടാനുള്ള സമയപരിധി നിശ്ചയിച്ചത്. നേരത്തെ ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാതെയും നിയമസഭയ്ക്ക് തിരിച്ചയക്കാതെയും രാഷ്ട്രപതിക്ക് കൈമാറാതെയും അനിശ്ചിതകാലം ബില്ലുകള്‍ കൈവശം വച്ചിരുന്നു. രവി പത്ത് ബില്ലുകള്‍ വര്‍ഷങ്ങളായി പിടിച്ചുവച്ചതിനെ ചോദ്യം ചെയ്താണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്.
ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അതിനാല്‍ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് എങ്ങനെ സമയപരിധി നിശ്ചയിക്കുമെന്നും അര്‍ലേക്കര്‍ ചോദിച്ചു. അങ്ങനെ ആണെങ്കില്‍ പാര്‍ലമെന്റിന്റെ ആവശ്യം ഇല്ലല്ലോയെന്നും ഗവര്‍ണര്‍ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ രണ്ട് സഭകളും മൂന്ന് രണ്ട് ഭൂരിപക്ഷത്തോടെ ഭരണഘടന മാറ്റുന്നതിന് തീരുമാനിക്കുകയാണ് വേണ്ടതെന്നും പാര്‍ലമെന്റിന്റെ അധികാരം കോടതി ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ നടപടി അതിരു കടന്ന പ്രവൃത്തിയാണെന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. വാദം കേട്ട ബെഞ്ച് തമിഴ്‌നാട് ഗവര്‍ണറുടെ വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് കൈമാറുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് ചില കാരണങ്ങളുണ്ടാകുമെന്നും അത് അംഗീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളുണ്ടെന്നും അതിനും ചില കാരണങ്ങളുണ്ടാകുമെന്നും അതിനാല്‍ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാതെ വയ്ക്കുന്നതും അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


