
ബില്ലില്‍ ഒപ്പിടാന്‍ സമയപരിധി: ആഭ്യന്തരമന്ത്രാലയം അപ്പീലിനൊരുങ്ങുന്നു
നിയമസഭകള്‍ പാസാക്കി അംഗീകാരത്തിനായി അയക്കുന്ന ബില്ലുകളുടെമേല്‍ രാഷ്ട്രപതിയും ഗവര്‍ണര്‍മാരും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപ്പീല്‍ നല്‍കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാതെ കൂടുതല്‍ കാലം കൈവശം വച്ചിരുന്നാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച്ച തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മിലുള്ള കേസില്‍ വിധിച്ചിരുന്നു.
അപ്പീല്‍ പെറ്റീഷന്‍ തയ്യാറാക്കിയതായി ഒരു മുതിര്‍ന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2020 മുതല്‍ തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ 2023 നവംബറിലാണ് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ ഒപ്പിടാതെ കൈവശം സൂക്ഷിച്ചിരുന്ന പത്തോളം ബില്ലുകള്‍ ഒപ്പിട്ടതായി പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇത് പ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ഈ ബില്ലുകളെ ഇന്നലെ നിയമമാക്കി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഈ കേസില്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ ശക്തമായി പ്രതിഫലിക്കപ്പെട്ടില്ലെന്നും അതിനാല്‍ റിവ്യൂ ആവശ്യമുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.