മരണം 150; പോത്തുകല്ലില്‍ നിന്ന് കണ്ടെത്തിയത് 60 മൃതദേഹങ്ങള്‍
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യം രണ്ടാം ദിവസവും തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തിയിട്ടുണ്ട്. 91 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കുകയും 48 പേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മുണ്ടക്കൈ ഭാഗത്തെ തകര്‍ന്ന വീടുകള്‍ക്കടിയില്‍ ഇനിയും ആളുകളുള്ളതിനാല്‍
ആ ഭാഗം കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് പ്രധാനമായും നടക്കേണ്ടത്.
ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ തുടരുന്നു
3069 പേരാണ് ഇതിനോടകം 45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി കഴിയുന്നത്. കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയിലും വന മേഖലകളിലും തിരച്ചില്‍ തുടരുകയാണ്. പല മൃതദേഹങ്ങളേയും തിരിച്ചറിഞ്ഞിട്ടില്ല. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്.
സംസ്‌കാരം ഒന്നിച്ചുനടത്തണോ എന്നതില്‍ അന്തിമ തീരുമാനമായില്ല.
ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടുകയായിരുന്നു. പ്രദേശത്ത് തുടര്‍ച്ചയായി ഉരുള്‍ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്നലെ നിരവധി പേരെ പരിക്കുകളോടെ വിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വയനാട് അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.