അലക്‌സി നവല്‍നി | PHOTO: WIKI COMMONS
അലക്‌സി നവല്‍നിയുടെ മരണം; പിന്നില്‍ പുട്ടിനെന്ന് ബൈഡന്‍
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവല്‍നിയുടെ മരണം റഷ്യയിലെങ്ങും കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. അലക്‌സി നവല്‍നിയുടെ ഒപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് ഭാര്യ യൂലിയയും റഷ്യയില്‍ പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. വ്‌ലാഡിമിര്‍ പുട്ടിനും അനുചരരുമാണ് കുറ്റവാളികളെന്ന് കഴിഞ്ഞദിവസം യൂലിയ പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് അടക്കം കൂടുതല്‍ ലോകനേതാക്കളും പുട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെങ്ങും കടുത്ത പ്രതിഷേധം
നവല്‍നിയുടെ മരണത്തെത്തുടര്‍ന്നുള്ള കടുത്ത പ്രതിഷേധത്തില്‍ ഇതുവരെ 401 പേരാണ് റഷ്യയില്‍ അറസ്റ്റിലായത്. നവല്‍നിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ വൈദികനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നവല്‍നിക്ക് ആദരം അര്‍പ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. അഴിമതിക്കെതിരെ പോരാടുകയും ക്രെംലിന്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുകയും ചെയ്ത നേതാവ് അലക്സി നവാല്‍നി ഫെബ്രുവരി 16 നാണ് മരണപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട് തടവില്‍ കഴിയവെയാണ് മരണം. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും നടപടി വൈകിപ്പിക്കാന്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ കള്ളം പറയുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
പുട്ടിനെതിരെ ജോ ബൈഡന്‍
നവല്‍നിയുടേത് കൊലപാതകമാണെന്നും പിന്നില്‍ പുട്ടിന്‍ ആണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പുട്ടിന്റെ ക്രൂരതകള്‍ക്ക് ഉദാഹരണമാണ് ഈ സംഭവമെന്നും ബൈഡന്‍ പറഞ്ഞു.