TMJ
searchnav-menu
post-thumbnail

TMJ Daily

കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

13 Apr 2023   |   2 min Read
TMJ News Desk

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യനാണ് വിധി പറഞ്ഞത്. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവധിച്ചു കൊണ്ടാണ് വിധി വന്നിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുക, നരഹത്യാകുറ്റം ചുമത്തിയുള്ള കുറ്റവിചാരണയ്ക്ക് ഉത്തരവിടുക എന്നിവയാണ് സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഹൈക്കോടതി അംഗീകരിച്ചതോടെ നരഹത്യാകുറ്റം ചുമത്തി വിചാരണ നടത്തും. കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വഫ ഫിറോസിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി. വഫ നൽകിയ ഡിസ്ചാർജ് പെറ്റീഷൻ കോടതി അംഗീകരിക്കുകയായിരുന്നു.

2022 നവംബറിലാണ് ശ്രീറാമിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഐപിസി 304 പ്രകാരം മനഃപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി  നടപടിയെയാണ് സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ജില്ലാകോടതി ഉത്തരവിലെ പിശകുകൾ സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ല എന്നും അതിനാൽ തനിക്കെതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്നും, ഇത് സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിച്ചത്. എന്നാൽ ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടി. 

2019 ആഗസ്റ്റ് 3ന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്. അപകടം നടന്ന ദിവസം വാഹനമോടിച്ചത് വഫ ആയിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു, രക്ത പരിശോധന നടത്താൻ വിസമ്മതിച്ചു തുടങ്ങിയ ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ചികിത്സക്കിടയിൽ ശ്രീറാമിന് മറവിരോഗമുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകളും വിവാദമായിരുന്നു. കേസിൽ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിനു നേരെ വിവാദ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളാരും രക്ഷപ്പെടില്ലെന്നും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ 2019 ൽ പറഞ്ഞിരുന്നു. പ്രസ് ക്ലബ്ബിൽ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോൾ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായതെന്നും മാധ്യമപ്രവർത്തകരുടെ പ്രത്യേക തൊഴിൽ സാഹചര്യത്തിന്റെ ഫലമാണ് ബഷീറിന് രാത്രി യാത്ര ചെയ്യേണ്ടി വന്നത്, മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി കുറിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമൻ ലാൻഡ് സർവേ വകുപ്പ് ഡയറക്ടറായി നിയമിതനായി രണ്ട് ദിവസത്തിന് ശേഷമാണ് കെ എം ബഷീറിന്റെ മരണത്തിനു കാരണമായ അപകടം നടക്കുന്നത്. തുടർന്ന് അദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് 2020 മാർച്ചിൽ ആരോഗ്യ-സാമൂഹ്യനീതി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായും പിന്നീട്  ആലപ്പുഴ ജില്ലാ കളക്ടറായും നിയമിച്ചിരുന്നു. നിലവിൽ അദ്ദേഹം കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ജനറൽ മാനേജരാണ്.



 

#Daily
Leave a comment