കാലിഫോര്‍ണിയയിലെ മലയാളി കുടുംബത്തിന്റെ മരണം; ഭാര്യയെ വെടിവെച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്
കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വെളിപ്പെടുത്തി പൊലീസ്. ഭാര്യ ആലീസ് പ്രിയങ്കയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് ഹെന്റി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദമ്പതികളുടെ 4 വയസുള്ള ഇരട്ടകുട്ടികളായ നോഹയും നെയ്ഥനും കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ദമ്പതികളുടെ മൃതദേഹം കുളിമുറിയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. വെടിവെച്ചതെന്ന് കരുതുന്ന തോക്കും പൊലീസിന് ലഭിച്ചിരുന്നു. മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നായിരുന്നു ലഭിച്ചത്. സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തുന്ന രേഖകളോ ആത്മഹത്യക്കുറിപ്പോ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദമ്പതികളുടെ വീട്ടില്‍ നിന്നും സമീപവാസികള്‍ വെടിയൊച്ച കേട്ടതായാണ് പൊലീസ് പറയുന്നത്. പുറത്തുനിന്നെത്തി കൊലപാതകം നടത്താനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
മരണത്തില്‍ ദുരൂഹത
തിങ്കളാഴ്ച രാവിലെ അമേരിക്കന്‍ സമയം 9.15 നായിരുന്നു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാല്‍ ദമ്പതികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മുറിവുകള്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹതയുള്ളതായും കൊലപാതകമോ ആത്മഹത്യയോ ആകാമെന്നും പൊലീസ് വെളിപ്പെടുത്തുകയായിരുന്നു.
ആനന്ദ് സുജിത് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. മകളെ ഫോണില്‍ ബന്ധപ്പെടാനാകാത്തതിനാല്‍ ആലീസിന്റെ അമ്മ കാലിഫോര്‍ണിയയിലെ കുടുംബ സുഹൃത്തിനെ വിളിക്കുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.
2016 ല്‍ വിവാഹമോചനത്തിനായി ആനന്ദും ഭാര്യയും കാലിഫോര്‍ണിയയിലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളാവാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കാനുള്ള കാരണമെന്നാണ് പോലീസ് അനുമാനിക്കുന്നത്.